സൗദിയില്‍ അടച്ചുപൂട്ടിയത് 7143 സ്ഥാപനങ്ങള്‍

single-img
22 January 2019

സൗദിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം 7143 സ്ഥാപനങ്ങള്‍ തൊഴില്‍ വിപണി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 മൂന്നാം പാദം മുതല്‍ 2018 മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ചാണ് 7143 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. 2017 മൂന്നാം പാദം അവസാനത്തില്‍ 4,60,858 സ്വകാര്യ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നത് 2018 മൂന്നാം പാദം അവസാനത്തില്‍ 4,53,715 സ്ഥാപനങ്ങളായി കുറഞ്ഞിട്ടുണ്ട്.

ഇതില്‍ ഭൂരിപക്ഷവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിനേന 20 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണക്ക്. ജനറല്‍ ഓര്‍ഗനൈസഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് നാല് ജോലിക്കാര്‍ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്.

2,29,361 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. തൊട്ടടുത്ത സ്ഥാനം ഒമ്പത് ജോലിക്കാര്‍ വരെയുള്ള 90,460 സ്ഥാപനങ്ങളാണ്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന പലവിധ പ്രതിസന്ധികളാണ് ഇത്രയധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.