ഇത് ചരിത്രം; ഐ.സി.സിയുടെ പുരസ്‌കാരങ്ങള്‍ തൂത്ത് വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി: ലോക ഇലവനെ ഇനി കോഹ്ലി നയിക്കും

single-img
22 January 2019

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ തൂത്ത് വാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരവും കോഹ്‌ലിക്കാണ്. മികച്ച ഏകദിന ടെസ്റ്റ് താരമായും കോഹ്‌ലി തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ ഐസിസിയുടെ ലോക ഇലവനെ വിരാട് കോഹ്‌ലി നയിക്കും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മികച്ച താരത്തിനുള്ള മൂന്ന് അവാര്‍ഡുകളും ഇരുടീമുകളുടെയും ക്യാപ്റ്റന്‍ സ്ഥാനവും കരസ്ഥമാക്കുന്ന ആദ്യ കളിക്കാരനായി ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചരിത്രമെഴുതി.

ഒരു കലണ്ടര്‍ വര്‍ഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. മുന്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന ഐ.സി.സി വോട്ടിങ് അക്കാദമിയാണ് വോട്ട് വഴി ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അക്കാദമിയിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കോഹ്ലിയെ ആണ് നാമനിര്‍ദേശം ചെയ്തത്.

ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളിലെ മൂന്നു താരങ്ങള്‍ ടെസ്റ്റ് ടീമിലുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളിലെ നാല് താരങ്ങള്‍ ഏകദിന ടീമിലെത്തി. വ്യക്തിഗത അവാര്‍ഡുകള്‍ ഐ.സി.സി ചൊവ്വാഴ്ച പ്രഖ്യാപിക്കും.

ഐ.സി.സി റാങ്കിങ്ങില്‍ ടീം ഇന്ത്യ ടെസ്റ്റില്‍ ഒന്നാമതും ഏകദിനത്തില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഇക്കാലത്തിനിടക്ക് ആറു ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിജയങ്ങള്‍ ഇതില്‍ എടുത്തുപറയേണ്ടതാണ്. ഏകദിനത്തില്‍ കോഹ്ലി ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് തോല്‍വികളും ഒരു സമനിലയും ഇക്കാലത്തിനിടെ ഉണ്ടായി.

കഴിഞ്ഞ വര്‍ഷം 37 മത്സരങ്ങളിലെ 47 ഇന്നിങ്‌സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 11 സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. പോയ വര്‍ഷം ടെസ്റ്റില്‍ 55.08 ശരാശരിയില്‍ 1322 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഏകദിനത്തില്‍ 133.55 റണ്‍സ് ശരാശരിയില്‍ 1202 റണ്‍സും പോയ വര്‍ഷം കോഹ്‌ലി കണ്ടെത്തി.

ടീമെന്ന നിലയില്‍ ഇന്ത്യയുടെയും കോഹ്‌ലിയുടെയും 2018ലെ മികച്ച പ്രകടനങ്ങളാണ് ഈ നേട്ടത്തിനു പിന്നില്‍. വിരാട് കോഹ്‌ലിയെ കൂടാതെ രണ്ടു ടീമിലും ഇടം പിടിച്ചിരിക്കുന്ന ഏകതാരം പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ്. അതേസമയം യുവതാരം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ ഇടം നേടിയത് ശ്രദ്ധേയമായി.

വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാണ് ടെസ്റ്റ് ടീമില്‍ ഇടംനേടിയ ഇന്ത്യന്‍ താരങ്ങള്‍. ന്യൂസിലന്‍ഡില്‍ നിന്ന് മൂന്നു താരങ്ങളും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഇടംപിടിച്ചു.

അതേസമയം ഏകദിന ടീമില്‍ കോഹ്‌ലി, രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയില്‍ നിന്ന് സ്ഥാനം പിടിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും നാലു താരങ്ങള്‍ ടീമിലിടം പിടിച്ചു. അഫ്ഗാന്‍ താരം റാഷിദ് ഖാനും ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഐസിസി ടെസ്റ്റ് ടീം: ടോം ലാഥം (ന്യൂസീലന്‍ഡ്), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), കെയ്ന്‍ വില്യാംസണ്‍ (ന്യൂസിലന്‍ഡ്), വിരാട് കോലി (ഇന്ത്യ), ഹെന്റി നിക്കോള്‍സ് (ന്യൂസീലന്‍ഡ്), റിഷഭ് പന്ത് (ഇന്ത്യ), ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റിന്‍ഡീസ്), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), നഥാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാകിസ്താന്‍).

ഐസിസി ഏകദിന ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജോണി ബെയര്‍‌സ്റ്റോ (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), റോസ് ടെയ്‌ലര്‍ (ന്യൂസീലന്‍ഡ്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്‌സ് (ഇഗ്ലണ്ട്), മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), കുല്‍ദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ).