ലോര്‍ഡ്‌സില്‍ കൂക്കിവിളിച്ചവര്‍, മെല്‍ബണില്‍ ‘ധോണി ധോണി’ എന്ന് ആരവം മുഴക്കി; ചരിത്രമായ നിമിഷം; വീഡിയോ

single-img
22 January 2019

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തിനു ശേഷം ഗ്യാലറികള്‍ മറ്റൊരാള്‍ക്കു വേണ്ടി ഇളകി മറിയുന്നു. എംഎസ് ധോണി എന്ന ഇന്ത്യയുടെ ഇതിഹാസതാരത്തിനു വേണ്ടി. മെല്‍ബണിലെ ചരിത്രം കുറിച്ച ഏകദിനത്തിലാണ് ധോണി ബാറ്റിങ്ങിനായി ഇറങ്ങിയപ്പോള്‍ മൈതാനത്ത് ധോണി… ധോണി… ധോണി… വിളികള്‍ ഉയര്‍ന്നത്.

മെല്‍ബണ്‍ ഗ്രൗണ്ടില്‍ നിന്നെടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെല്‍ബണിലെ ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ പുറത്തായതിനു തൊട്ടുപിന്നാലെയാണ് ധോണി ക്രീസിലെത്തുന്നത്. ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയന്‍ കാണികള്‍ വരെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് വീഡിയോയില്‍ കാണാം.

ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോര്‍ഡ്‌സിലെ ചരിത്ര മല്‍സരത്തില്‍ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടിലായിരുന്ന ഇതിഹാസതാരത്തിന് ലഭിച്ച ആര്‍പ്പുവിളി കാലം കരുതി വച്ച കാവ്യനീതിയായി. ലോര്‍ഡ്‌സിലെ പരിഹാസത്തിന് കാലം പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇതിഹാസ താരം ഗാംഗുലി പറഞ്ഞിരുന്നു.

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാളും ചെയ്യരുതാത്ത കാര്യമാണ് ലോര്‍ഡ്‌സില്‍ നടന്നതെന്നായിരുന്നു അന്ന് ഗാംഗുലി തുറന്നടിച്ചത്. ധോണി അത് അര്‍ഹിക്കുന്നില്ല.. ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയില്‍ നമുക്ക് കണ്ടെടുക്കാന്‍ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാള്‍. അന്ന് ഗാംഗുലി പറഞ്ഞു.