ആർ എസ് എസ് നരേന്ദ്രമോദിയെ കയ്യൊഴിയുന്നു?

single-img
21 January 2019

രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെയും നില അത്ര ഭദ്രമല്ല. ബിജെപി, ഭരണഘടന പ്രകാരം ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് എങ്കിലും അതിൽ ആർ എസ് എസിന്റെ സ്വാധീനം വളരെ നിർണ്ണായകമാണ്. കാലാകാലമായി ബിജെപി എടുക്കുന്ന എല്ലാ ചെറുതും വലുതുമായ തീരുമാനങ്ങൾ ആർ എസ് എസ്സാണ് ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ ബിജെപി എടുത്ത രാഷ്ട്രീയ തീരുമാനങ്ങളെ പരസ്യമായി ഒരിടത്തും ആർ എസ് എസ് വിമർശിക്കാറില്ല. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി കാര്യങ്ങൾ അങ്ങനെ അല്ല നടക്കുന്നത്.

ആര്‍ എസ് എസിന്‍റെ സർസംഘ് ചാലക് ആയ മോഹൻ ഭഗവതും, ദേശീയ ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷിയും കഴിഞ്ഞ കുറച്ചു കാലമായി പരസ്യമായി നടത്തുന്ന വിമര്‍ശനങ്ങള്‍ പരിശോദിച്ചാല്‍ അവര്‍ മോദിക്കും അമിത്ഷാക്കും പകരം പുതിയ ആളുകളെ ഈ സ്ഥാനങ്ങളിലേക്ക് തേടുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇതില്‍ ഏറ്റവും ശക്തവും കൃത്യവുമായ വിമര്‍ശനം ഉണ്ടായത് ആര്‍ എസ് എസിന്‍റെ സർസംഘ് ചാലക് ആയ മോഹൻ ഭാഗവതിന്റെ ഭാഗത്ത്‌ നിന്നുമാണ്. യുദ്ധമില്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്തുകൊണ്ടാണ്? അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് ഒഴിവാക്കാന്‍ നടപടിയെടുക്കേണ്ടതുണ്ട് എന്നാണ് നാഗ്പൂരില്‍ മോഹന്‍ ഭാഗവത് പ്രസംഗിച്ചത്.

കഴിഞ്ഞ കുറച്ചുകാലമായി ആര്‍ എസ് എസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന മോദി വിരുദ്ധ പ്രതിഷേധങ്ങളുടെ ബഹിര്‍സ്ഫുരണം മാത്രമല്ല ഈ പ്രസ്താവന. മറിച്ച് നരന്ദ്ര മോദിക്കുള്ള താക്കീത് കൂടെയാണ്. പ്രധാനമന്ത്രി തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്കെതിരെയാണ് ഈ വിമര്‍ശനം. സ്വതന്ത്ര ഭാരതത്തില്‍ സൈന്യത്തിന്റെ പേര് ഏറ്റവും അധികം ദുരുപയോഗം ചെയ്തത് നരേന്ദ്രമോദിക്ക് കീഴില്‍ ബിജെപിയാണ്. ജെ എന്‍ യു വിഷയം ഉണ്ടായപ്പോള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരാണ് മോദി സര്‍ക്കാര്‍ ഉപയോഗിച്ചത്. നോട്ടു നിരോധന സമയത്ത് ജനങ്ങള്‍ ക്യുവില്‍ നിന്നപ്പോള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ പ്രതിരോധിച്ചത്. ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ എപ്പോഴൊക്കെ പ്രതിസന്ധിയില്‍ ആയിട്ടുണ്ടോ അപ്പോഴൊക്കെ രക്ഷപ്പെടാന്‍ സൈന്യത്തിന്‍റെ പേര് ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുദ്ധം ഇല്ലാതിരിന്നിട്ടും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുകയാണ് എന്ന മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവന പ്രസക്തമാകുന്നത്. അതായത് നമ്മുടെ സൈനികരെ സംരക്ഷിക്കുന്നതിൽ മോദി പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ആർ എസ് എസ് പരസ്യമായി പറയുകയാണ് എന്നര്‍ഥം.

അടുത്ത പ്രസ്താവന വരുന്നത് ആര്‍ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ ഭാഗത്ത്‌ നിന്നുമാണ്. ഒന്നല്ല രണ്ടു പ്രസ്താവനകള്‍. ഒന്ന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടതും അടുത്തത് വികസനവുമായി ബന്ധപ്പെട്ടതും. അയോദ്ധ്യയിലേ രാമക്ഷേത്രം 2025 ഒക്കെ ആകുമ്പോള്‍ പൂര്‍ണ്ണമാകും എന്നാണു ഭയ്യാജി ജോഷി പറഞ്ഞത്. അത് ഒരു കളിയാക്കല്‍ ആയിരുന്നു. അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ മെല്ലെപ്പോക്ക് നടത്തുന്ന മോദി മന്ത്രിസഭക്കുള്ള താക്കീതും. എന്നാല്‍ അതിനോടൊപ്പം പറഞ്ഞ മറ്റൊരുകാര്യം ആണ് അയോദ്ധ്യയില്‍ ക്ഷേത്രം ഉണ്ടാക്കിയ ശേഷം ഇന്ത്യയില്‍ വികസനം വരും എന്ന്. അതായതു കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യയില്‍ വികസനം വന്നിട്ടില്ല എന്നാണു അതിന്‍റെ അര്‍ഥം.

ഇത് പറയുന്നത് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവല്ല മറിച്ച് ബിജെപിയെ നയിക്കുന്ന ആര്‍ എസ് എസിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയായിയാണ്. വികസനം കൊണ്ട് വരും, നല്ല ദിനങ്ങള്‍ കൊണ്ടുവരും എന്നുമൊക്കെ വാഗ്ദാനം നല്‍കിയാണ്‌ നരേന്ദ്രമോദി അധികാരത്തില്‍ കയറിയത്. നാല് വര്ഷം കഴിഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ ഇലക്ഷന്‍ വരും. അപ്പോഴാണ്‌ ആര്‍ എസ് എസ് നേതാവ് പറയുന്നത് വികസനം ഇനി വരാനിരിക്കുന്നതെ ഉള്ളൂ എന്ന്. അപ്പോള്‍ ഇത്രകാലവും?? ഇതിനു മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

നരേന്ദ്രമോദിയെയും അമിത്ഷായെയും മാറ്റണം എന്ന് ആദ്യമായി പറഞ്ഞത് ബിജെപിയുടെ മുന്‍ തലമുറയിലെ നേതാവും വാജ്‌പേയ് യുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ സംഘ പ്രിയ ഗൌതം ആയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ മാറ്റി പകരം മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനെ നിയമിക്കണം എന്നും നിധിൻ ഗഡ്കരിയെ ഉപ പ്രധാനമന്ത്രിയാക്കണം എന്നുമാണ്. അതായതു മോദിയുടെ അനിയന്ത്രിതമായ അധികാരത്തിനു കടിഞ്ഞാണിടണം എന്ന് തന്നെയാണ് അതിനു അര്‍ഥം.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സാഹചര്യത്തില്‍ എന്‍ ഡി എക്ക് ഭൂരിപക്ഷം കിട്ടിയില്ല എങ്കില്‍ നരേന്ദ്രമോദിയെ മാറ്റുന്നതിനെക്കുറിച്ച് പോലും ആര്‍ എസ് എസ് നേതൃത്വം ആലോചിക്കും എന്ന് വാര്‍ത്തകള്‍ വന്നു ദിവസങ്ങള്‍ക്കം ആയിരുന്നു സംഘ പ്രിയ ഗൌതത്തിന്‍റെ പ്രസ്താവന. ശിവസേന, ചന്ദ്രബാബു നായിഡുവിന്‍റെ ടി ഡി പി, മമത ബാനര്‍ജി തുടങ്ങി പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് എതിര്‍പ്പ് ബിജെപിയോടോ ആര്‍ എസ് എസ്സിനോടോ അല്ല മറിച്ചു നരേന്ദ്രമോദിയോട് മാത്രമാണ്. ഭൂരിപക്ഷം ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായാല്‍ ഇവര്‍ പോലും ഒരു പക്ഷെ മോദി ഇല്ലാത്ത എന്‍ ഡി എയെ പിന്തുണക്കാന്‍ തയ്യാറായേക്കും എന്നാണു ആര്‍ എസ് എസ്സിലെ ഒരു വിഭാഗം കരുതുന്നത്. മോദിക്ക് പകരം അവർ കാണുന്ന ബദൽ നിധിൻ ഗഡ്കരിയാണ്. നിധിൻ ഗഡ്കരിയെ ഉയർത്തിക്കൊണ്ടു വരുന്നതിൽ ആർ എസ് എസ്സിലെ വലിയ ഒരു വിഭാഗം നേതാക്കൾക്കും താല്പര്യവുമുണ്ട്.

കൂടാതെ രാഹുല്‍ ഗാന്ധിയുടെ റഫേല്‍ അഴിമതി മുനിര്തിയുള്ള പ്രചാരണങ്ങള്‍ വലിയ ഒരു അളവ് വരെ മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കള്ളനാണ് എന്ന കോണ്ഗ്രസ് മുദ്രാവാക്യം ഗ്രാമങ്ങള്‍ തോറും കോണ്ഗ്രസ് പ്രച്ചരിപ്പിക്കുന്നുമുണ്ട്. ഇതും മോദിക്കെതിരെ തിരിയാന്‍ ആര്‍ എസ് എസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. അതായത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രത്പക്ഷ പാര്‍ടികള്‍ക്കെതിരെ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെയും കൂടെ നരേന്ദ്രമോദിക്കും അമിത് ഷാക്കും മത്സരിക്കെണ്ടിവരും എന്നര്‍ഥം.