ലോകകപ്പ് നേടാന്‍ സാധ്യതയുള്ള രണ്ടുടീമുകളുടെ പോരാട്ടം; ഇന്ത്യ ന്യൂസീലന്‍ഡ് പര്യടനത്തിന് ബുധനാഴ്ച തുടക്കം

single-img
21 January 2019

ഓസ്‌ട്രേലിയയിലെ ചരിത്ര നേട്ടത്തിനുശേഷം ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലെത്തി. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച നടക്കും. ന്യൂസീലന്‍ഡില്‍ ചൊവ്വാഴ്ച വൈകീട്ട് ഡേ നൈറ്റ് മത്സരമാണ് നടക്കുന്നത്. ഇന്ത്യയില്‍ ബുധനാഴ്ച രാവിലെ 7.30 മുതല്‍ മത്സരം കാണാം.

മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിര്‍ണായക പരമ്പരയാണിത്. ഏകദിന റാങ്കിങ്ങില്‍ ഇപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലന്‍ഡ് മൂന്നാംസ്ഥാനത്തുമാണ്. ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ടാണ് ഒന്നാംറാങ്കിലുള്ളത്.

ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ മണ്ണില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ മുട്ടുകുത്തിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ന്യൂസീലന്‍ഡിലെത്തുന്നത്. ഓള്‍റൗണ്ട് മികവിലാണ് ഓസ്‌ട്രേലിയന്‍ ടീമിനെ ആധികാരികമായി മറികടന്നത്. മധ്യനിരയില്‍ മുന്‍ നായകന്‍ ധോണി ഫോമിലേക്കുയര്‍ന്നത് ടീമിന്റെ ശക്തികൂട്ടും.

ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലന്‍ഡിന് തോല്‍വിയായിരുന്നു. രണ്ടുവട്ടവും ഇന്ത്യയിലായിരുന്നു കളി. 2017-18 സീസണില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് ജയിച്ചപ്പോള്‍ 2016-17 സീസണില്‍ 32നായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍, 2013-14 സീസണില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ 4-1 ന് കിവികള്‍ ജയിച്ച ചരിത്രവുമുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയെങ്കിലും ലോകകപ്പിന് ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജമായി എന്ന് ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. മധ്യനിരയില്‍ ഏതാനും സ്ഥാനങ്ങള്‍ ഇപ്പോഴും ആര്‍ക്കും അവകാശപ്പെടാമെന്ന സഥിതിയാണ്.

രോഹിത് ശര്‍യും ശീഖര്‍ ധവാനും തന്നെയാകും ഓപ്പണിംഗില്‍ ഇന്ത്യയുടെ ആദ്യ ചോയ്‌സ്. ഓസ്‌ട്രേലിയയില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ധവാന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കും. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ റിസര്‍വ് ഓപ്പണര്‍. ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും ധവാന്‍ തിളങ്ങിയില്ലെങ്കിലും ഗില്ലിനെ ഓപ്പണിംഗിലേക്ക് പരിഗണിക്കാനിടയുള്ളു.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ധോണി തന്നെ ഇറങ്ങുമോ അമ്പാട്ടി റായിഡുവിന് വീണ്ടും അവസരം നല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്. ധോണി നാലാമനായി ഇറങ്ങിയാല്‍ കേദാര്‍ ജാദവ് അഞ്ചാം നമ്പറില്‍ ക്രീസിലെത്തും. ദിനേശ് കാര്‍ത്തിക്ക് ആറാമനായും ഇറങ്ങാനാണ് സാധ്യത.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അഞ്ചാം ബൗളറെന്ന നിലയിലും ബാറ്റിംഗ് ഓള്‍ റൗണ്ടറെന്ന നിലയിലും വിജയ് ശങ്കര്‍ക്ക് ഏഴാം നമ്പറില്‍ അവസരമൊരുങ്ങും. ഓസ്‌ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയോ കുല്‍ദീപ് യാദവോ ആകും എട്ടാമനായി ക്രീസിലെത്തുക. ഒമ്പതാം നമ്പറില്‍ യുസ്‌വേന്ദ്ര ചാഹല്‍ എത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും തന്നെയാകും പേസര്‍മാര്‍.