`ശബരിമല സ്വാമിയേ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ്…´: അയ്യപ്പഭക്തസംഗമത്തിൽ വ്യത്യസ്തമായ ശരണം വിളിയുമായി അമൃതാനന്ദമയി

single-img
21 January 2019

ശബരിമല അയ്യപ്പന്‍ സമാധിയാകുന്നതിന് മുന്‍പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് അവിടുത്തെ ആചാരങ്ങള്‍ നിലകൊള്ളുന്നതെന്ന് അമൃതാനന്ദമയി. ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്നും  അവർ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തിരുവനന്തപുരത്ത് അയ്യപ്പഭക്തസംഗമം എന്ന പേരില്‍ ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സര്‍വ്വവ്യാപിയായ ഈശ്വരന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ക്ഷേത്രത്തിലെ ദേവതയുടെ കാര്യത്തില്‍ ഇത് വ്യത്യാസമാണ്. ക്ഷേത്ര ആരാധനയെക്കുറിച്ച് അറിവില്ലാത്തതാണ് ഇന്നത്തെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം- അമൃതാനന്ദമയി പറഞ്ഞു.

ടാങ്കിലെ വെള്ളത്തില്‍ വളര്‍ത്തുന്ന മീനിനും സമുദ്രത്തിലെ മീനും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മീനിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റണം, ഓക്‌സിജന്‍ കൊടുക്കണം, എന്നാല്‍ സമുദ്രത്തിലെ മത്സ്യത്തിന് ഇങ്ങനെയുള്ള നിബന്ധനകളൊന്നുമില്ലെന്നും അമൃതാനന്ദമയി വ്യക്തമാക്കി.

എന്നാൽ കാലത്തിനുനസരിച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ശബരിമല സ്വാമിയേ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അമൃതാനന്ദമയി പ്രസംഗം അവസാനിപ്പിച്ചത്.