‘ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രവാസി മലയാളികള്‍ക്ക് നിരക്കിളവ്’

single-img
20 January 2019

ഖത്തര്‍ എയര്‍വേയ്‌സില്‍ പ്രവാസി മലയാളികള്‍ക്ക് നിരക്കിളവ് ലഭിക്കാനുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഒപ്പുവയ്ക്കും. നിലവില്‍ ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്.

ഇതേ പദ്ധതിയാണ് ഖത്തര്‍ എയര്‍വേയ്‌സിലും തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഈ മാസം തന്നെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കുവൈത്ത്, എമിറേറ്റ്‌സ് എയര്‍ലൈന്‍ കമ്പനികളുമായും ചര്‍ച്ച തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം. യുഎഇയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഡിസംബര്‍ മുപ്പത്തിയൊന്നു വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുന്നൂറിലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അവധി സീസണുകളിലടക്കം വിമാനയാത്ര നിരക്കിലെ വന്‍ വര്‍ധന പ്രവാസികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് യാത്രാ നിരക്കിളവ് പദ്ധതിക്ക് നോര്‍ക്ക റൂട്‌സ് രൂപം നല്‍കിയത്.