മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ കൊലപാതകം തുടർക്കഥയാകുന്നു

single-img
20 January 2019

മധ്യപ്രദേശിൽ പതിനഞ്ചു വർഷങ്ങൾക്കു ശേഷം കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ കയറി ദിവസങ്ങൾക്കകം തന്നെ ബിജെപി നേതാക്കളുടെ കൊലപാതക പരമ്പര ചർച്ചയാകുന്നു. മൂന്നാമത്തെ ബിജെപി നേതാവാണ് ആഴ്ചകള്‍ക്കുള്ളില്‍ മധ്യപ്രദേശിൽ കൊല്ലപ്പെടുന്നത്. മധ്യപ്രദേശ് ബിജെപിയുടെ പ്രമുഖ നേതാവായ മനോജ് താക്കറെയാണ് ഇന്ന് കൊല്ലപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്ക് പോയ താക്കറെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു.

കോൺഗ്രസ് സർക്കാർ അധികാരത്തിൽ കയറി 24 മണിക്കൂറിനുള്ളിൽ രണ്ടു പ്രമുഖ ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിൽ പ്രാഹളാദ് ബന്ധവാറിനെ പൊതുജന മധ്യത്തിൽ വെച്ച് അക്രമികൾ വെടി വെച്ച് കൊല്ലുകയായിരുന്നു. മറ്റൊരു നേതാവായ സന്ദീപ് അഗർവാളിനെയും ബൈക്കിൽ വന്ന അക്രമികൾ വെടിവെച്ചു കൊന്നിരുന്നു. രണ്ടു കൊലപാതകങ്ങളും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ പോലീസ് ഈ ആരോപണം നിഷേധിക്കുകയാണ്. വസ്തുതർക്കമാണ് പ്രാഹളാദ് ബന്ധവാറിന്റെ കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ പിടിച്ചു എന്നുമാണ് പോലീസ് പറയുന്നത്. സന്ദീപ് അഗർവാളിന്റെ കൊലപാതകികളെ ഉടൻ പിടിക്കും എന്ന് പോലീസ് പറയുന്നു.

എന്നാൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനത്തു കോൺഗ്രസ്സ് അധികാരത്തിൽ വന്നതിനു പിന്നാലെ ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നും ഉടൻ ഗവർണ്ണർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നുമാണ് ബിജെപി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.