ആലപ്പാട് സമരം: വി എസിനെതിരെ കോടിയേരി; വിഎസിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ

single-img
19 January 2019

ആലപ്പാട്​ ഖനനവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ വി എസ് അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ആലപ്പാട് സമരവുമായി ബന്ധപ്പെട്ട വിഎസ് അച്യുതാനന്ദന്റെ നിലപാട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും, കാര്യങ്ങൾ മനസ്സിലാകുമ്പോൾ വിഎസ് സ്വയം തിരുത്തുമെന്നുമാണ് കോടിയേരി പറഞ്ഞു.

പ്രശ്​നങ്ങൾ പരിഹരിക്കുക എന്നതാണ്​ ആലപ്പാട്​ വിഷയത്തിലുള്ള സർക്കാർ നയം​. അതിന്റെ ഭാഗമായാണ്​ ഖനനത്തെ കുറിച്ച്​ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്​​. വ്യവസായങ്ങളെ തകർക്കുന്ന നിലപാടിനോട് ഇപ്പോൾ കൂട്ടുനിൽക്കാനാവില്ല. ഖനനത്തെ കുറിച്ച്​ പഠിക്കുന്ന കമ്മിറ്റിയുമായി സഹകരിച്ച്​ പോവുകയാണ്​ ആലപ്പാട്ടെ സമരസമിതി ചെയ്യേണ്ടത്​. അവരുടെ പ്രശ്​നങ്ങൾ കമ്മിറ്റിക്ക്​ മുമ്പാകെ പറയാം. സംഘർഷമുണ്ടാക്കുകയല്ല പകരം അനുനയത്തിലുടെ പ്രശ്​നം പരിഹരിക്കാനാണ്​ സർക്കാർ ശ്രമമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, മറിച്ചു ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നായിരുന്നു വി എസ് പറഞ്ഞത്. തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.