സൗദിയില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ അറസ്റ്റില്‍

single-img
18 January 2019

മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഊബര്‍ ഡ്രൈവറെയും സഹായിയായ യെമന്‍ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ ക്ലാസില്‍ നിന്നും ഊബര്‍ ടാക്‌സിയില്‍ വരികയായിരുന്ന കുട്ടിയെ യെമനി പൗരന്റെ സഹായത്തോടെ ഡ്രൈവര്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിദ്യാര്‍ഥി ഇത് ചോദ്യം ചെയ്തതോടെ മര്‍ദനം തുടങ്ങി.

ഉച്ചത്തില്‍ ബഹളം വച്ചതോടെ എയര്‍പോര്‍ട്ട് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് സ്ഥലം വിടുകയായിരുന്നു. ഇതുവഴി വന്ന മറ്റൊരു സൗദി സ്വദേശിയാണ് കുട്ടിയെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെയും കുട്ടിയും ഊബര്‍ കമ്പനിയും നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അല്‍ബാഹയിലുള്ള സ്വദേശി പൗരനെയും പിന്നീട് യെമന്‍ പൗരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.