ഫിഞ്ചിനുനേരെ അസാധാരണമായ വിധത്തില്‍ ക്രീസിനു പുറത്തുനിന്ന് പന്തെറിഞ്ഞ് ഭുവി; അമ്പരന്ന് ക്രിക്കറ്റ് ലോകം; വീഡിയോ

single-img
18 January 2019

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ബോളില്‍ ഞെട്ടി ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് നേരെയെറിഞ്ഞ പന്താണ് ക്രിക്കറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ റണ്ണപ്പിനിടയില്‍ അമ്പയര്‍ക്ക് പുറകില്‍ വെച്ച് വളരെ നേരത്തെ പന്ത് റിലീസ് ചെയ്യുകയായിരുന്നു.

അതേസമയം, ഒരു ഘട്ടത്തില്‍ പകച്ചുപോയ ഫിഞ്ച് മാറിനിന്നതോടെ അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ അത് ലീഗല്‍ ഡെലിവറി ആയിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീഷകരും പറയുന്നത്. നിയമപ്രകാരം ക്രീസിനുള്ളില്‍ എവിടെനിന്നും പന്തെറിയാന്‍ ബൗളര്‍ക്ക് സാധിക്കും.

അമ്പയറുടെ തീരുമാനം ഭുവനേശ്വര്‍ കുമാറിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ചൊടിപ്പിച്ചു. എന്നാല്‍ അടുത്ത പന്ത് ഫലംകണ്ടു. ഭുവനേശ്വറിന്റെ പന്തിനു മുന്നില്‍ കുരുങ്ങി ഫിഞ്ച് പുറത്ത്.

ഇതിനുശേഷം ഗ്രൗണ്ടിലെ കാമറാമാന്മാരാണ് ഇന്ത്യയുടെ തന്ത്രം വെളിപ്പെടുത്തിയത്. ഡെഡ് ബോളായ പന്ത് എറിയുന്നതിനു മുമ്പായി ഭുവി വിക്കറ്റ് കീപ്പര്‍ എം.എസ്.ധോണിയുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ക്രീസിനു പിന്നില്‍നിന്ന് ഭുവി പന്തെറിയുന്നത്. ധോണി-ഭുവനേശ്വര്‍ ചര്‍ച്ചയുടെ വീഡിയോ ക്രിക്കറ്റ് ഡോട്ട് കോം ട്വിറ്ററില്‍ പങ്കുവച്ചു.