വീണ്ടും ധോണിയുടെ ഫിനിഷിങ് മികവ്; ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

single-img
18 January 2019

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഏകദിന പരമ്പര നേടി. മൂന്ന് മത്സര പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസീസ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് പന്തുകള്‍ ബാക്കി നില്‍ക്കേ മറികടന്നു.

ഫിനിഷറുടെ റോള്‍ തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച് എം.എസ്.ധോണിയും (പുറത്താകാതെ 87), കേദാര്‍ ജാദവുമാണ് (പുറത്താകാതെ 61) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (54) തീര്‍ത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ട ധോണി, പിരിയാത്ത നാലാം വിക്കറ്റില്‍ കേദാര്‍ ജാദവിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് (121) തീര്‍ത്താണ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കു നയിച്ചത്.

സിഡ്‌നിയില്‍ നടന്ന ആദ്യ മല്‍സരം തോറ്റ ഇന്ത്യ, അഡ്‌ലെയ്ഡിലും മെല്‍ബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതോടെ, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (62 പന്തില്‍ 46) വിജയത്തിലേക്കു കാര്യമായ സംഭാവന നല്‍കി. ഒരു ബൗണ്ടറി പോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവില്‍ ശിഖര്‍ ധവാന്‍ 46 പന്തില്‍ 23 റണ്‍സെടുത്തു പുറത്തായി. ഓപ്പണര്‍ രോഹിത് ശര്‍മ (17 പന്തില്‍ ഒന്‍പത്) മാത്രമാണ് രണ്ടക്കം കടക്കാതെ പോയ ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍.

മൂന്നാം വിക്കറ്റിലും അതീവ ശ്രദ്ധയോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ബൗണ്ടറികള്‍ക്കു ശ്രമിക്കുന്നതിനു പകരം സിംഗിളും ഡബിളുമെടുത്ത് സ്‌കോര്‍ ഉയര്‍ത്താനായിരുന്നു ശ്രമം. ഒടുവില്‍ 27ാം ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. മൂന്നാം വിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ കോഹ്‌ലി പുറത്തായി.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറിയിലേക്കു നീങ്ങിയ കോഹ്‌ലിയെ റിച്ചാര്‍ഡ്‌സന്‍ പുറത്താക്കി. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് കോഹ്‌ലിയെ റിച്ചാര്‍ഡ്‌സന്‍ പുറത്താക്കുന്നത്. 62 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 46 റണ്‍സെടുത്താണ് കോഹ്ലി മടങ്ങിയത്.

നേരത്തെ, ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിന്റെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കിയത്. ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്.