Kerala

1950 വരെ മലഅരയർ കത്തിച്ചു; അവരെ ആട്ടിയോടിച്ച ദേവസ്വം ബോർഡ് ഇപ്പോൾ കത്തിക്കുന്നു: മകരജ്യോതി മനുഷ്യനിർമ്മിതമായ ആചാരം തന്നെ

ശബരിമലയിലെ മകരവിളക്ക് മനുഷ്യനിർമിതമായ ആചാരം തന്നെയാണെന്ന് വ്യക്തമാക്കി  പികെ സജീവിൻ്റെ ´ശബരിമല അയ്യപ്പൻ, മലഅരയ ദൈവം´ എന്ന പുസ്തകം. 1950 വരെ മലയാളികൾ സമുദായം തെളിയിച്ചുകൊണ്ടിരുന്ന മകരജ്യോതി പിൽക്കാലത്ത് അവരെ അവിടെ നിന്നും കുടിയിറക്കി ദേവസ്വംബോർഡും അധികാരികളും ഏറ്റെടുക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തുന്നത്.

അടുത്തകാലംവരെ മകരജ്യോതി സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നുവെങ്കിലും പുൽമേട് ദുരന്തത്തോടെ  ഇത് മനുഷ്യനിർമ്മിതമാണെന്ന് പറയുവാൻ അധികാരികൾ ബാധ്യസ്ഥരാകുകയായിരുന്നു. പുൽമേട് ദുരന്തം തുടർന്ന് ശബരിമലയിൽ മകരജ്യോതി തെളിയിക്കുന്നത് മലയരയർ ആണെന്ന വാദം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.  ഇതുസംബന്ധിച്ച് മലഅരയർ പത്രസമ്മേളനം വിളിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അതിനു മറുപടി പറയുവാൻ അധികാരികൾ തയ്യാറായിരുന്നില്ല.

ഇതേതുടർന്ന് ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്ന അവകാശം തങ്ങൾക്ക് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് മലഅരയ സമൂഹം രംഗത്തെത്തിയത്.

പികെ സജീവ് എഴുതിയ ´ശബരിമല അയ്യപ്പൻ, മലഅരയ ദൈവം´ പുസ്തകത്തിലെ മകരവിളക്കിനെ സംബന്ധിക്കുന്ന ഭാഗം:

ശബരിമല ഉൾപ്പെടെയുള്ള 18 മലകളിലെ താമസക്കാർ മലഅരയർ ആെണന്നു സൂചിപ്പിച്ചുവല്ലോ. ഇതിൽ 18 മലകളിൽ ഒന്നായ കരിമല കേന്ദ്രീകരിച്ചായിരുന്നു മലയരയന്മാർ ഭരണം നടത്തിയിരുന്നത്.  മല അരയന്മാരുടെ രാജാവിനെ കരിമല അരയൻ എന്നാണ് വിളിച്ചിരുന്നത്. കരിമല അരയൻ എന്നുള്ളത് ഒരു സ്ഥാന പേരായിരുന്നു. ഒരു വലിയ ജനവാസമേഖല കൂടിയായിരുന്നു അന്ന് കരിമല. കരിമലയിൽ ഇപ്പോഴും അതിൻറെ അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ട്.  ക്ഷേത്രങ്ങളും, പുര തറകളും, കല്ലറകൾ, കിണർ, കളരി തറകൾ, ഉരൽ തുടങ്ങിയവയൊക്കെ പഴയ അരയ രാജവംശത്തിലെ ശേഷിപ്പുകളായി കരിമലയിൽ ഇന്നുമുണ്ട്. ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വംബോർഡും തന്ത്രി കുടുംബവും അധികാരം ഏറ്റെടുക്കുന്നതുവരെ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമൂഹമായിരുന്നു. ഇക്കാര്യം പന്തള രാജ പ്രതിനിധികളും തന്ത്രി താഴമൺ കണ്ഠരര് മഹേശ്വരരും മുൻകാല ദേവസ്വം ജീവനക്കാരും മറ്റു പ്രമുഖ വ്യക്തികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട വസ്തുതയാണ്.

മറ്റൊരു പ്രധാന കാര്യം ഈ അടുത്തകാലംവരെ ശബരിമലക്ഷേത്രത്തിലെ അധികാരികൾ പറഞ്ഞിരുന്നത് മകരവിളക്ക് സ്വയം തെളിയുന്ന ഒന്നായിരുന്നു എന്നാണ്.  കാലങ്ങളോളം ജനകോടികളെ അങ്ങനെ വിശ്വസിപ്പിച്ചു. സത്യം പുറത്തുവരാൻ പുല്ലുമേട് ദുരന്തം വേണ്ടിവന്നു. പുല്ലുമേട് ദുരന്തം വരെ മകരവിളക്കിന് പിന്നിലുള്ള യഥാർത്ഥ ചരിത്രം പുറത്തുവിടാൻ അവർ തയ്യാറായിരുന്നില്ല. പുല്ലുമേട് ദുരന്തം വലിയ വിവാദത്തിലേക്ക് പോയപ്പോൾ ആ ദുരന്തത്തിന് ഉത്തരവാദിത്വവും മല അരയിലൂടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നിരുന്നു.

നൂറ്റാണ്ടുകളോളം മകരവിളക്ക് തെളിയിച്ചുകൊണ്ടിരുന്ന ഒരു ജനതയ്ക്ക് ഇന്ന് ആ കാര്യത്തിൽ യാതൊരു അവകാശം ഇല്ല. ചരിത്രവും പാരമ്പര്യവും ഭൂമിശാസ്ത്രവുമൊക്കെ അടിസ്ഥാന പ്രമാണമായി നോക്കിയാൽ മകരവിളക്ക് തെളിയിക്കൽ ഞങ്ങളുടെ ജന്മാവകാശമാണ്.

കാനനപാതയിലെ കാളകെട്ടി ശിവ പാർവതി, ഇഞ്ചിപ്പാറക്കോട്ട.  മുക്കുഴി തുടങ്ങിയ ക്ഷേത്രങ്ങളുടെ അവകാശം മല അരയ വിഭാഗത്തിൽ നിക്ഷിപ്തമായി ഇരിക്കുന്ന വേളയിലാണ് ശബരിമലയിൽ നിന്നും അവർ പുറത്താക്കപ്പെടുന്നത്.  1950 വരെ മലഅരയർ മകര വിളക്ക് കത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ആചാരപരമായി ശബരിമലയിൽ മകര ദീപം തെളിയിച്ചത് പുത്തൻവീട്ടിൽ കുഞ്ഞനാണ്.

പിൽക്കാലത്ത് മലരേ ഒഴിവാക്കി ദീപം തെളിയിക്കൽ ദേവസ്വം ബോർഡും മറ്റ് അധികാരികളും ഏറ്റെടുക്കുകയായിരുന്നു. മകരദീപം തെളിക്കാനുള്ള അവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് മല അരയർ നടത്തിയത്. മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കുന്നതിനായി 2011ൽ മലഅരയർ തെളിയിച്ച ദീപം കെടാവിളക്കായി ഉടുമ്പാറ മലയിലെ മൂഴിക്കൽ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുരോഗമനത്തിൽ ചൂടും മുങ്ങിനിൽക്കുന്നുവെന്ന് ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലാണ് ഒരു സമുദായം നീതിക്കുവേണ്ടി പതിറ്റാണ്ടുകളായി അലയേണ്ടിവരുന്നതെന്ന് ഓർക്കുക. എത്രമാത്രം പുരോഗമനം പ്രസംഗിക്കുമ്പോഴും കേരളത്തിലെ സവർണ ജാതിക്കാർക്ക് അവരുടെ ആരാധനാമൂർത്തികളെ അവർണൻ പൂജിക്കുന്നതോ അഭിഷേകം ചെയ്യുന്നതോ സഹിക്കാനാവില്ല. അവർണ്ണൻ്റെ ആരാധനാമൂർത്തികൾക്കു ശ്രീകോവിലിന് പുറത്താണ് സ്ഥാനം. വരുമാനം ലഭിക്കാൻ സാധ്യതയുള്ള മൂർത്തിയാണെങ്കിൽ കീഴാള മുദ്രകൾ എല്ലാം ഉരിച്ചുകളഞ്ഞ് ആ മൂർത്തിയെ സവർണവത്കരിക്കും. ശബരിമലയിൽ സംഭവിച്ചതും ഇതുതന്നെ. സ്വന്തം സമുദായത്തിന് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് ഉദ്ഘോഷിക്കുന്ന അവർണ്ണജാതി സമുദായനേതാക്കൻമാരുടെ വീട്ടു ചടങ്ങുകൾക്ക് പൗരോഹിത്യം അരുളാൻ നമ്പൂതിരിമാർ തന്നെ വേണമെന്ന കാഴ്ച നാം കാണുന്നുണ്ട്. ഇത്രയേയുള്ളൂ ഇപ്പോഴും കേരളത്തിലെ നവോത്ഥാനം. വണങ്ങാൻ പറഞ്ഞാൽ ദണ്ഡനമസ്കാരം ചെയ്യാൻ തയ്യാറായി നിൽക്കുന്ന സമുദായ നേതാക്കന്മാരുള്ളപ്പോൾ ആരെ ഭയക്കാനാണ്?