മലപ്പുറത്ത് കടൽ ഇല്ലെന്ന് ഇ പി ജയരാജൻ; മന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

single-img
14 January 2019

ബോക്സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്‍റെ സ്വന്തം അഭിമാന താരമാക്കി മാറ്റിയ അന്നു മുതലുള്ള ബന്ധമാണ് മലയാളി ട്രോളര്‍മാരും മന്ത്രി ഇ പി ജയരാജനും തമ്മില്‍. അതില്‍ ഏറ്റവും പുതിയതാണ് മലപ്പുറത്ത്‌ കടല്‍ ഇല്ല എന്ന ജയരാജന്‍റെ വിചിത്ര വാദത്തെ തുടര്‍ന്നുള്ള ട്രോള്‍ പെരുമഴ.

ആലപ്പാട് സമരസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നപ്പോൾ ആണ് ഇ പി ജയരാജൻ വിചിത്ര വാദം ഉന്നയിച്ചത്. മലപ്പുറത്ത് നിന്നും വന്നവർ ആണ് ആലപ്പാട് സമരം നയിക്കുന്നതെന്നും, കടലില്ലാത്ത മലപ്പുറത്ത് നിന്നും വന്ന ആൾ എന്തിനാണ് കടലോരത്തെ മൈനിങ്ങിനെ കുറിച്ച് സംസാരിക്കുന്നത് എന്നുമാണ് ഇ പി ജയരാജൻ ചോദിച്ചത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ഇ പി ജയരാജനെതിരെ ട്രോളുകൾ പ്രവഹിക്കുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 70 കിലോമീറ്റർ തീരദേശം ഉള്ള ജില്ലയാണ് മലപ്പുറം ജില്ല. അതിൽ പൊന്നാനി, കോട്ടായി, പരപ്പനങ്ങാടി താനൂർ എന്നിവിടങ്ങളിൽ ഫിഷിങ് ഹാര്‍ബറുകളും ഉണ്ട്. വസ്തുത ഇതായിരിക്കെയാണ് വ്യവസായ വകുപ്പ് മന്ത്രി കൂടിയായ ഈ വി ജയരാജന്‍റെ വിചിത്ര വാദം.