പശുക്കളെ സംരക്ഷിക്കുന്നവരെ റിപ്പബ്ലിക്-സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ ആദരിക്കാനൊരുങ്ങി രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാര്‍

single-img
14 January 2019

തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകാനും, അവരെ റിപ്പബ്ലിക് – സ്വാതന്ത്യദിന ചടങ്ങുകളില്‍ ആദരിക്കാനും രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച പശുസംരക്ഷണ ഡയറേക്ടറേറ്റ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പശുവിനെ ഏറ്റെടുത്ത് പരിപാലിക്കാന്‍ കഴിത്തവര്‍ക്ക് ഗോശാലകളില്‍ കഴിയുന്ന പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സംഭാവന നല്‍കാം. ഇത്തരത്തിൽ സംഭാവനകൾ നല്കുന്നവരെയും ഈ പദ്ധതിയുടെ ഭാഗമായി ആദരിക്കാൻ ആണ് സർക്കാർ തീരുമാനം. മനുഷ്യരുടെ കാര്യത്തിലില്ലാത്ത ശ്രദ്ധയും കരുതലുമാണ് പശുക്കളുടെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ കാണിക്കുന്നതെന്ന ആരോപണം ഉന്നയിച്ച അതെ കോൺഗ്രസുകാർ ആണ് ഇത്തരം പദ്ധതികളുമായി വരുന്നത് എന്നതാണ് വിരോധാഭാസം.

രാജസ്ഥാനിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയിൽ തന്നെ ആദ്യമായി പശുക്കൾക്ക് വേണ്ടി ഒരു മന്ത്രിയും വകുപ്പും ഉണ്ടാക്കിയത്. പ്രമോദ് ബായ ആയിരുന്നു ഇന്ത്യയിലെ ആദ്യ പശു മന്ത്രി. അതേസമയം കോണ്‍ഗ്രസിന്റെ പശുമന്ത്രി കൂടുതല്‍ ഗോശാലകള്‍ ആരംഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്. ഭരിക്കുന്നത് കോൺഗ്രസ് ആയാലും ബിജെപി ആയാലും പശുക്കളുടെ കാര്യത്തിൽ മനുഷ്യന് നൽകുന്നതിനേക്കാൾ പരിഗണന ആണ് ലഭിക്കുന്നത് എന്നാണു രാജസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.