യുഎഇ ജയിക്കണോ, ഇന്ത്യ ജയിക്കണോ..?: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി

single-img
12 January 2019

യുഎഇയില്‍ ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച് തൊഴിലുടമ. എഎഫ്‌സി ഏഷ്യന്‍കപ്പില്‍ യുഎഇ – ഇന്ത്യ മത്സരത്തിനു മുന്നോടിയായാണ് ഇന്ത്യക്കാരെ തൊഴിലുടമ കൂട്ടിലടച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ യുഎഇ സ്വദേശിയെ അറസ്റ്റ് ചെയ്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചതിനാണ് നടപടി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ യുഎഇ മത്സരത്തിന് മുന്നോടിയായി തന്റെ ജോലിക്കാരെ വെച്ച് ചിത്രീകരിച്ചാണ് വീഡിയോ.

ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാള്‍ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് പറയുന്നു ജോലിക്കാര്‍. യുഎഇക്കാണ് പിന്തുണയെന്ന് പറയുന്നത് വരെ ഇവരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട യുഎഇ അറ്റോണി ജനറല്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും യുഎഇ അറ്റോണി ജനറല്‍ അറിയിച്ചു.