താനും അയിഷപോറ്റിയും ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാർ വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്ന് ഓർമ്മവേണം: ദേവസ്വം ബോർഡ് പ്രസിഡൻ്റിനെതിരെ മന്ത്രി എംഎം മണി

single-img
11 January 2019

ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നൂറുകണക്കിന് സ്ത്രീകള്ളാണ് ദര്‍ശനം നടത്തിയതെന്നും ഇനിയും നടത്തുമെന്നും മന്ത്രി എംഎം മണി. ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക്  ആവശ്യമെങ്കിൽ ഇനിയും പൊലീസ് സുരക്ഷ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സിപിഎം മുൻകൈയെടുത്ത് അല്ല ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചത് മന്ത്രി പറഞ്ഞു. അന്‍പതിനായിരം സ്ത്രീകളെ വേണമെങ്കില്‍ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. എന്നാലത് സിപിഎമ്മിന്റെ പണിയല്ല. പോകണം എന്നുള്ളവര്‍ ശബരിമലയില്‍ പോകട്ടെ-  മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

ശബരിമലയില്‍ തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ലെന്നും ദേവസ്വം ബോര്‍ഡാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രായം അളക്കുവാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും, പി. അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മന്ത്രി പറഞ്ഞു.