തന്ത്രി കുടുംബം മലഅരയ കുടുംബമാണെന്ന് പ്രഖ്യാപിച്ചാലോ; ശബരിമലയുടെ തന്ത്രം തങ്ങളെ ഏൽപ്പിച്ചത് പരശുരാമനാണെന്ന തന്ത്രി കുടുംബത്തിൻ്റെ വാദത്തെ പരിഹസിച്ച് മലഅരയ സമുദായം

single-img
9 January 2019

ശബരിമല ക്ഷേത്രത്തിലെ പരമാധികാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട താഴമണ്‍ തന്ത്രി കുടുംബത്തെ പരിഹസിച്ച്  മലഅരയ സമുദായം. ഇനിയുമങ്ങോട്ടു പോയാൽ താഴമൺ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ എന്ന ചോദ്യവുമായി ഐക്യ മലഅരയ മഹാസഭയുടെ സെക്രട്ടറി പി കെ സജീവ് രംഗത്തെത്തി. തേനഭിഷേകവും, പഞ്ചലങ്കാര പൂജയുo, വിളിച്ചു ചൊല്ലി പ്രാർത്ഥനയും അവർ ഏറ്റെടുത്തേക്കുമോ  എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

പരശുരാമനാണ് ശബരിമലയുടെ തന്ത്രം താഴ്മണ്‍ കുടുംബത്തെ ഏല്‍പ്പിച്ചതെന്ന് വാദത്തെയും അദ്ദേഹം പരിഹസിച്ചു. താഴ്മണ്‍ കുടുംബത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ പന്തളം എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ ബിസിയില്ലല്ലോ വന്നത്? തിരുവാഭരണം എങ്ങനെ അയ്യപ്പന് ചാര്‍ത്തുമെന്നും പികെ സജീവ് ചോദിച്ചു.

ഇനി മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാം സാമ്പത്തിക ശരണം എന്ന് പറഞ്ഞുകൊണ്ടാണ് പികെ സജീവ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴ്മണ്‍ കുടുംബം നേരത്ത വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.