എരുമേലി വാവര് പളളിയില്‍ പ്രവേശിക്കാന്‍ ഹിന്ദു മക്കള്‍ കക്ഷിയിലെ 20 സ്ത്രീകള്‍ എത്തിയതായി റിപ്പോർട്ടുകൾ; വർഗ്ഗീയ കലാപത്തിന് സംഘപരിവാർ കോപ്പുകൂട്ടുന്നതായി ആരോപണം

single-img
9 January 2019

എരുമേലി വാവര് പളളിയില്‍ പ്രവേശിക്കാന്‍ 20 സ്ത്രീകള്‍ സംസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ടുകൾ. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ മൂന്നുപേരെ കൊഴിഞ്ഞാമ്പാറ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്നവര്‍ എവിടെയാണ് എന്നതിനെ സംബന്ധിച്ച  ഇതുവരെ വ്യക്തത വന്നിട്ടില്ല.

ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിൻ്റെ പകരമായാണ്  തീവ്രഹിന്ദുത്വം സംഘടനകൾ വാവരുപള്ളി ലക്ഷ്യംവെക്കുന്നത്. വാവര് പളളിയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അത് സാമുദായിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സാമുദായിക സംഘര്‍ഷാവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാമെന്ന് പൊലീസ് ആശങ്കപ്പെടുന്നുണ്ട്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയോടുളള പ്രതിഷേധ സൂചകമായാണ് ഇവര്‍ വാവര് പളളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം. ഹിന്ദു മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിയ സ്ത്രീകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വാവര് പളളി ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വാവര് പള്ളിയില്‍ കയറുന്നതിന് സ്ത്രീകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാവര്‍ത്തിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.