അഞ്ഞൂറോളം യാത്രക്കാരെ ഭീതിയിലാക്കി എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ്: വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് പൈലറ്റിന്റെ മനഃസാന്നിധ്യം കൊണ്ട് മാത്രം: വീഡിയോ

single-img
7 January 2019

വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. എതിര്‍ വശങ്ങളില്‍ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിന്‍ഡ് എന്നു പറയുന്നത്. ലോകത്ത് നിരവധി വിമാന അപകടങ്ങള്‍ക്ക് ക്രോസ് വിന്‍ഡ് കാരണമായിട്ടുണ്ട്.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലൊക്കെ ക്രോസ് വിന്‍ഡ് അടിച്ചാല്‍ വിമാനം സുഖകരമായി ലാന്‍ഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാന്‍ മികച്ച പൈലറ്റുമാര്‍ക്ക് മാത്രമെ സാധിക്കൂ. ശക്തമായ ക്രോസ് വിന്‍ഡ് അടിക്കുന്ന സമയത്ത് വിമാനം ലാന്‍ഡ് ചെയ്യുന്നതിനെ ക്രാബ് ലാന്‍ഡിങ് എന്നാണ് പറയുന്നത്.

കാറ്റിനെ പ്രതിരോധിക്കാന്‍ വിമാനം ചെരിച്ച് പറത്തിയാണ് റണ്‍വേയിലിറക്കുക. ഇതിനാല്‍ തന്നെ കാറ്റിന്റെ ശക്തിയില്‍ വിമാനം ചെരിഞ്ഞാലും റണ്‍വെ വിട്ട് പുറത്തുപോകില്ല. ദുബായില്‍ നിന്നും ബ്രിട്ടനിലെ ബര്‍മിങ്ഹാം എയര്‍പോര്‍ട്ടിലേക്ക് വന്ന വിമാനം ഈ രീതിയില്‍ ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണ് യുട്യൂബില്‍ ഇപ്പോള്‍ ഹിറ്റ്.

എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ജനുവരി ആറിനാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും ബ്രിട്ടനിലെ ബര്‍മിങ്ഹാം എയര്‍പോര്‍ട്ടിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്.