കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

single-img
4 January 2019

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. അവിദഗ്ധരായ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ചുരുങ്ങിയ വേതനം 100 ദീനാര്‍ ആക്കി. വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ഹെല്‍പര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ നിരക്ക് ആയിരിക്കും ഇനി മുതല്‍ ബാധകമാകുക.

ഇതോടൊപ്പം ഡിപ്ലോമ യോഗ്യതയുള്ള നഴ്‌സുമാരുടെ വേതനം 275 ദീനാറും ബി.എസ്.സി യോഗ്യതയുള്ളവരുടേത് 350 ദീനാറും ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് യഥാക്രമം 260 ദീനാര്‍, 325 ദീനാര്‍ എന്നിങ്ങനെയായിരുന്നു. ഗാര്‍ഹിക ത്തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സ, നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ നല്‍കണമെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റമില്ല.

ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2019 ജനുവരി മുതല്‍ പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വന്നതായും അറിയിപ്പില്‍ പറയുന്നു. ജീവിതച്ചെലവ് ഉയര്‍ന്നതിന്റെയും ഇപ്പോഴത്തെ തൊഴില്‍ വിപണി നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും എംബസ്സിയുടെ അറിയിപ്പില്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇന്ത്യന്‍ എംബസ്സി തൊഴിലാളികളുടെ മിനിതം വേതനം പരിഷ്‌കരിച്ചത്.