യുഎഇയിൽ തൊഴിലാളികളുടെ വാർഷികാവധിക്കു പുതിയ മാനദണ്ഡങ്ങൾ നിലവിൽവന്നു; അവധി ഇനി ഗ്രേഡനുസരിച്ച് മാത്രം

single-img
3 January 2019

വാർഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാർക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്, പ്രധാനപരിപാടികളിൽ പങ്കെടുക്കാനുള്ള ലീവ്, രോഗിയെ അനുഗമിക്കാനുള്ള ലീവ്, സ്റ്റഡി ലീവ്, ജീവിത പങ്കാളിക്കുവേണ്ടിയുള്ള ലീവ്, ശമ്പളമില്ലാത്ത അവധി, സർക്കാർ സേവനത്തിനുള്ള ലീവ് എന്നിങ്ങനെ  യുഎഇയിൽ വർഷത്തിൽ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിച്ചു. 

18 മുതൽ 30 ദിവസം വരെയാണു വാർഷികാവധി ലഭിക്കുക. പ്രൊബേഷനറി കാലത്ത് അസുഖാവധിക്ക് അർഹതയില്ല. ഇതിനുശേഷം വർഷത്തിൽ 90 ദിവസം വരെ ഒന്നിച്ചോ വിവിധ ഘട്ടങ്ങളിലായോ അവധിയെടുക്കാം. ആദ്യത്തെ 15 ദിവസത്തിന് മുഴുവൻ ശമ്പളവും പിന്നീടുള്ള 30 ദിവസത്തിന് പകുതി ശമ്പളവും ലഭിക്കും. ശേഷിച്ച 45 ദിവസം ശമ്പളമില്ലാത്ത അവധിയുമായിരിക്കും. എന്നാൽ രോഗാവധി അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാനാവില്ല. 

യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഫുൾടൈം ജീവനക്കാർ ജോലിയിൽ ഒരു വർഷം പൂർത്തിയാക്കിയാല്‍ വാർഷിക അവധിക്ക് അർഹരാണ്. 12ന് മുകളിൽ ഗ്രേഡുള്ള ജീവനക്കാർക്കു 30 ദിവസത്തെ അവധി ലഭിക്കും. നാലു മുതൽ 11 വരെ ഗ്രേഡുള്ളവർക്ക് 25 ദിവസവും മൂന്നും അതിന് താഴെയും ഗ്രേഡുള്ളവർക്ക് 18 ദിവസവുമായിരിക്കും അവധി. ജോലി മതിയാക്കി പോകുന്നയാൾക്ക് ആ വർഷത്തിൽ അതുവരെ ജോലി ചെയ്ത ദിവസം കണക്കാക്കി വാർഷിക അവധി നൽകണം.

ഇവർ രണ്ടോ അതിൽകൂടുതലോ വർഷത്തെ സേവനമുള്ളവരാണെങ്കിൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നൽകണം. വാർഷികാവധി എപ്പോൾ എടുക്കണമെന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്തവിധം മാറ്റം വരുത്താനോ രണ്ടു തവണയാക്കാനോ കമ്പനിക്ക് അധികാരമുണ്ടായിരിക്കും. വാർഷിക അവധിക്കാലത്തു വരുന്ന പൊതു അവധി പ്രത്യേകമായി എടുക്കാനാവില്ല. അവധിക്കാലത്തു രോഗിയാകുകയാണെങ്കിൽ വിവരം കമ്പനിയെ അറിയിക്കുകയും മെഡിക്കൽ രേഖകൾ സൂക്ഷിച്ചുവയ്ക്കുകയും വേണം.

വാർഷികാവധിയോടൊപ്പം അധികമായെടുക്കുന്ന ലീവിന് ശമ്പളം ഉണ്ടായിരിക്കില്ല. അവധിക്കാലത്ത് ജീവനക്കാരെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്താൽ കമ്പനിക്കെതിരെ പരാതി നൽകാവുന്നതാണെന്നും വ്യക്തമാക്കുന്നു. 

വാർഷികാവധിക്കിടയിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അങ്ങനെ ചെയ്താൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാൻ കമ്പനിക്ക് അധികാരമുണ്ടായിരിക്കും. അവധിക്കാലത്ത് ജോലി ചെയ്താൽ അധിക വേതനം നൽകുകയും വേണം.