മലയാളികള്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമാകും

single-img
1 January 2019

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ (ബഖാലകള്‍) ഘട്ടം ഘട്ടമായി പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു ജോലി നഷ്ടപ്പെടും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വര്‍ഷം 600 കോടി റിയാല്‍ (ഏകദേശം 11,400 കോടി രൂപ) ആണ് അതതു നാടുകളിലേക്ക് അയയ്ക്കുന്നത്.

ഈ പണം സൗദിയില്‍ നിന്നു പുറത്തുപോകാതെ തടയാമെന്നും മേഖലയില്‍ 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്‍കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുക വഴി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ക്ക് ഉടന്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. മാജിദ് അല്‍ഖുസൈബി പറഞ്ഞു. ഘട്ടംഘട്ടമായി ഇത് വര്‍ദ്ധിപ്പിക്കാനാണ് ശ്രമം.

സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിരീക്ഷിക്കാനും തീരുമാനമുണ്ട്. ബഖാലകള്‍ നടത്തുന്നവര്‍ വഴി രാജ്യത്തിന് പുറത്തേക്കു വന്‍തോതില്‍ പണം പോകുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 600 കോടി റിയാല്‍ ഇങ്ങനെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. ഇത് തടയാനാണ് ശ്രമം.

ഓരോ സ്ഥാപനത്തിലെയും സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിരീക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കണമെന്നുള്ള നിബന്ധന ഉടന്‍ നടപ്പിലാക്കും. സ്വദേശികളുടെ പേരില്‍ വിദേശികള്‍ക്ക് ബിസിനസ് ചെയ്യാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ല.

എന്നാല്‍, ഇത്തരത്തില്‍ ബിനാമി ബിസിനസ് നടത്തി വന്ന 1,704 സ്ഥാപനങ്ങള്‍ക്കെതിര അധികൃതര്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണ ചട്ടങ്ങള്‍ ലംഘിച്ച് വിദേശികളെ ജോലിക്ക് വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇങ്ങനെ നിയമിക്കുന്ന ഓരോ ആളിനും 20,000 റിയാല്‍ വീതം പിഴ ഈടാക്കും.