പൂച്ചയെ വെച്ച വെടിയുണ്ട സ്വന്തം തലച്ചോറില്‍ തറച്ച് കയറി; ഒമാനി ബാലന്റെ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരം

single-img
1 January 2019

നിറയൊഴിച്ചപ്പോള്‍ ഉന്നംതെറ്റി പതിനേഴുകാരനായ ഒമാനി ബാലന്റെ തലച്ചോറില്‍ തറച്ച വെടിയുണ്ട കൊച്ചി വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നവംബര്‍ 20നാണ് അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദ് അല്‍ അലാവിക്ക് അപകടമുണ്ടായത്.

അബ്ദുള്‍ ഖാദര്‍ നടത്തുന്ന ചിക്കന്‍ ഫാമിലെ കോഴികളെ ആക്രമിക്കാനെത്തിയ പൂച്ചയെ വെടിവെച്ചതാണ് അബദ്ധത്തില്‍ അബ്ദുള്‍ ഖാദറിന്റെ ഇടതു താടിയിലേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്നുപോയി തലച്ചോറില്‍ തറയ്ക്കുകയായിരുന്നു.

താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വെച്ചു തന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18ന് വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് അബ്ദുള്‍ ഖാദറിന്റെ തലച്ചോറിലും താടിയെല്ലിലും നിന്ന് വെടിയുണ്ടയുടെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. സുധീഷ് കരുണാകരന്‍ പറഞ്ഞു.

തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യാനായി തലയോടിന്റെ ഒരു ഭാഗം തുറക്കുന്ന ഫ്രണ്ടല്‍ ക്രാനിയോട്ടമി ചെയ്തതിനു ശേഷം ഡിസംബര്‍ 20നാണ് എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് ഇഎന്‍ടി സര്‍ജന്‍, ഓറോമാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ ചേര്‍ന്ന് താടിയെല്ലില്‍ അവശേഷിച്ച വെടിയുണ്ട ഭാഗങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കി.

ശസ്ത്രക്രിയയ്ക്കു ശേഷം താന്‍ നാലു ദിവസം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നുവെന്നും മുറിവ് പൂര്‍ണമായും ഭേദപ്പെട്ട് ഒമാനിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുള്‍ ഖാദര്‍ ഈയാഴ്ച അവസാനം നാട്ടിലേയ്ക്ക് മടങ്ങും.

ശസ്ത്രക്രിയയില്‍ ഡോ. സുധീഷ് കരുണാകരനോടൊപ്പം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോ. ഇടിക്കുള കെ. മാത്യൂസ്, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. അജയ് കുമാര്‍, ഡോ. ജേക്കബ് ചാക്കോ, ഡോ. ജോജി ആന്റണി തുടങ്ങിയവരും പങ്കെടുത്തു.