റാസല്‍ഖൈമയില്‍ രക്ഷാ വിമാനം കത്തിയമര്‍ന്ന് നാല് മരണം

single-img
30 December 2018

റാസല്‍ ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരണപ്പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരമുള്ള പര്‍വത നിരയിലാണ് അപകടം.

സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ശനിയാഴ്ച്ച വൈകുന്നേരം 6:20ഓടെയായിരുന്നു സംഭവം. അടിയന്തിര ചികില്‍സ നല്‍കുന്നതിന് രോഗിയുമായി പുറപ്പെട്ടതായിരുന്നു ഹെലികോപ്ടര്‍. ഉഗ്ര സ്‌ഫോടനത്തോടൊപ്പം തീ ഗോളമായാണ് ഹെലികോപ്ടര്‍ താഴേക്ക് പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ച നാലില്‍ മൂന്ന് പേരും യുഎഇ സ്വദേശികളാണ്. കൂടാതെ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയാണ്. ഹുമൈദ് അല്‍ സാബി, ജാസിം അല്‍ തുനൈജി, സഖ്ര് അല്‍ യമാഹി എന്നിവരാണ് യുഎഇ സ്വദേശികള്‍. മാര്‍ക് ടി ആള്‍ സാബിയാണ് മരണപ്പെട്ട വിദേശി.

ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈനാണ് റാസല്‍ഖൈമ ജബല്‍ ജൈസിലേത്. സിപ്പ്‌ലൈനില്‍ കയറാന്‍ വന്നവരെല്ലാം സുരക്ഷിതരാണെന്ന് റാക് ടൂറിസം വികസന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അപകട സമയത്ത് സിപ്പ് ലൈന്‍ പ്രവൃത്തിച്ചിരുന്നില്ല. വിവരം ലഭിച്ചയുടന്‍ സുസജ്ജ സംവിധാനങ്ങളോടെ രക്ഷാ സേനകള്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.