ജഡേജയെ ചൊല്ലി ഇന്ത്യന്‍ ടീമില്‍ പുതിയ വിവാദം

single-img
23 December 2018

പെര്‍ത്ത് ടെസ്റ്റില്‍ ഏവരെയും അമ്പരപ്പിച്ച തീരുമാനമായിരുന്നു സ്പിന്നര്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാത്തത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ജഡേജയെ കളിപ്പിക്കാത്തത് മണ്ടത്തരമായിപ്പോയെന്ന വിലയിരുത്തലുണ്ടായത്. എന്നാല്‍ ജഡേജയെ കളിപ്പിക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് പരിശീലകന്‍ രവിശാസ്ത്രി.

ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ തോള്‍ വേദനയെ തുടര്‍ന്ന് ജഡേജ, ഇഞ്ചക്ഷന്‍ എടുത്തിരുന്നു. ആ ഇഞ്ചക്ഷന്‍ എടുത്തു കഴിഞ്ഞാല്‍ വിശ്രമം ആവശ്യമാണ്. പെര്‍ത്ത് ടെസ്റ്റിന്റെ സമയത്ത് 60-70 ശതമാനമായിരുന്നു ജഡേജയുടെ ഫിറ്റ്‌നസ്. അതിനാലാണ് റിസ്‌ക് എടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇഞ്ചക്ഷന്‍ എടുത്തതിന് ശേഷം ഇന്ത്യയില്‍ ആഭ്യന്തര മത്സരം ജഡേജ കളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ഫിറ്റ്‌നസ് വേണ്ടെടുക്കാന്‍ വേണ്ടി വന്നുവെന്ന് ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ, പുതിയ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു. പരുക്കേറ്റ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിയാണ് തര്‍ക്കം. മാത്രമല്ല, പെര്‍ത്ത് ടെസ്റ്റിനു മുന്നോടിയായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയെയും ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിക്കുശഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് ശാസ്ത്രി ഇപ്പോള്‍ പറയുന്നതും.

ആര്‍.അശ്വിനു പരുക്കില്ലായിരുന്നെങ്കില്‍പ്പോലും നാലു പേസ് ബോളര്‍മാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മല്‍സരത്തിനുശേഷം കോഹ്‌ലിയുടെ പ്രഖ്യാപനം. സ്പിന്നര്‍മാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പരുക്കു മൂലമാണ് ജഡേജയെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ ശാസ്ത്രി പറയുന്നത്.

നാലു പേസ് ബോളര്‍മാരുമായി പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച കോഹ്‌ലിയുടെയും സംഘത്തിന്റെയും തീരുമാനത്തെ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ അതിന്റെ ഉത്തരവാദികള്‍ ശാസ്ത്രിയും കോഹ്‌ലിയും ആയിരിക്കുമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സ്പിന്നര്‍മാരെ പൂര്‍ണമായും തഴഞ്ഞ മല്‍സരത്തില്‍ ഓസീസ് സ്പിന്നര്‍ നേഥന്‍ ലയണാണ് കളിയിലെ കേമന്‍ പട്ടം നേടിയത്. ഇതോടെ ടീം സിലക്ഷനുമായി ബന്ധപ്പെട്ട വിമര്‍ശനം കടുത്തു. പിന്നാലെ, ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള ഭുവനേശ്വര്‍ കുമാറിനെ പുറത്തിരുത്തി ഉമേഷ് യാദവിനെ കളിപ്പിച്ച തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു.

എന്നാല്‍, ജഡേജ പൂര്‍ണമായും ഫിറ്റായിരുന്നെങ്കില്‍ പെര്‍ത്തില്‍ ടീമിലുണ്ടാകുമായിരുന്നു എന്നാണ് ശാസ്ത്രി പറയുന്നത്. അശ്വിന്‍ ടീമിലേക്കു തിരിച്ചെത്തിയില്ലെങ്കില്‍ 80 ശതമാനം ഫിറ്റാണെങ്കില്‍പ്പോലും ജഡേജയെ മെല്‍ബണില്‍ ടീമിലുള്‍പ്പെടുത്തുമെന്നും ശാസ്ത്രി വ്യക്തമാക്കി. പെര്‍ത്ത് ടെസ്റ്റിനിടെ പകരക്കാരനായി ജഡേജ ഇടയ്ക്ക് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നു.