ഖത്തറില്‍ ലോകമറിയാത്ത വിസ്മയക്കാഴ്ചകള്‍

single-img
19 December 2018

ആവേശമുണര്‍ത്തുന്ന ഡസേര്‍ട്ട് സഫാരികള്‍ പോലെ കായികോല്ലാസത്തിന് അനുയോജ്യമായ സ്റ്റേഡിയങ്ങള്‍ ഏറെയുള്ളതാണ് ഖത്തറിന്റെ ടൂറിസ്റ്റ് പ്രത്യേകതകള്‍. അതില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ തന്നെ ഏറ്റവും വലിപ്പമുള്ള, 2022 ലോകകപ്പ് ഫുട്‌ബോളിനു വേണ്ടി നിര്‍മ്മിച്ച ലുസെയ്ല്‍ സ്‌റ്റേഡിയം.

കൂടാതെ ബൗളിങ്ങ്, ടെന്നീസ്, സ്‌നൂക്കര്‍, ബില്ല്യാര്‍ഡ്‌സ്, ഗോള്‍ഫ്, ഐസ് സ്‌കേറ്റിങ്ങ് സ്‌റ്റേഡിയങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് മിഡില്‍ ഈസ്റ്റിലെ ഈ മണല്‍ നഗരം. 2006ലെ ഏഷ്യന്‍ ഗെയിംസ്, 2011ലെ പാന്‍ അറബ് ഗെയിംസും ഏ എഫ് സി ഏഷ്യന്‍ കപ്പ് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച ദോഹാ നഗരത്തെ 2015ല്‍ 7 നവാത്ഭുത നഗരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ പ്രതീതിയുണര്‍ത്തും ഖത്തറിലെ യാത്രാനുഭവങ്ങള്‍.

മ്യൂസിയങ്ങള്‍ കൊണ്ട് നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള ദേശമാണ് ഖത്തര്‍. മൂന്ന് ഭൂഖണ്ഡങ്ങളുടെ ഇസ്ലാമിക ചരിത്രത്തിന്റെ കലവറയാണ് ദോഹയിലെ ഇസ്ലാമിക് ആര്‍ട് മ്യൂസിയം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിലിട്ടറി പോലീസ് സ്‌റ്റേഷനായി ഉപയോഗിച്ചിരുന്ന അല്‍ ഖൂര്‍ ഫോര്‍ട്ട് എന്നറിയപ്പെടുന്ന ദോഹ ഫോര്‍ട്ട് ഇപ്പോള്‍ മറ്റൊരു മ്യൂസിയമായി ഉയര്‍ത്തിയിട്ടുണ്ട്.

ജുറാസിക്ക് കാലഘട്ടം മുതല്‍ ഇസ്ലാമിനു മുമ്പുള്ള കാലഘട്ടം വരെയുള്ള അപൂര്‍വ്വ ശേഖരങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് മ്യൂസിയങ്ങളില്‍ ഒന്നാണ് ഷെയിഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി മ്യൂസിയം. അറബ് കലകളുടെ ചരിത്രരേഖാശേഖരണങ്ങള്‍ മാത്രം സൂക്ഷിക്കുന്നതാണ് മത്താഫ് അറബ് മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ പ്രത്യേകത.

ദോഹ നഗരത്തിന്റെ മറ്റൊരു വിസ്മയമാണ് ഏഴ് കിലോമീറ്റര്‍ നീളമുള്ള തീരദേശപാത. നദീതടപ്രദേശം പോലെ സ്ഥിതി ചെയ്യുന്ന ഈ തീരത്തിന്റെ പനമരങ്ങള്‍ നിറഞ്ഞ നടപ്പാത മരുഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത അപൂര്‍വ ദൃശ്യമാണ്. കാഴ്ചയ്ക്ക് മനോഹാരിത നല്‍കുന്ന അതിപ്രാചീന കാലഘട്ടത്തിലെ കൊത്തുപണികളുള്ള അല്‍ ജസ്സാസിയ പാറക്കുന്നുകള്‍, പാം ട്രീ ദ്വീപ്, മൊട്ടക്കുന്നുകള്‍ നിറഞ്ഞ ഷ്രാവൊ ദ്വീപ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള ഖത്തര്‍ യൂറോപ്പുകാരുടെ ഇഷ്ട സുഖവാസ കേന്ദ്രമാണ്.