ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മരണപ്പെടുന്നത് സൗദിയില്‍

single-img
14 December 2018

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 28,523 ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സൗദിയിലാണ്. വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ലോക്‌സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2014-18 കാലയളവില്‍ 12,828 ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ മരിച്ചത്. മരണസംഖ്യയില്‍ യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 7,877 പേര്‍ മരണപ്പെട്ടു. ബഹ്‌റൈനാണ് മരണസംഖ്യയില്‍ ഏറ്റവും കുറവ്. 1,021 ഇന്ത്യക്കാര്‍ മരിച്ചതായാണ് ബഹ്‌റൈനില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ഒമാന്‍ (2,564), കുവൈറ്റ് (2,932), ഖത്തര്‍ (1,301) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്. ആത്മഹത്യ, റോഡ് അപകടം എന്നിവയാണ് മരണനിരക്ക് കൂടാനുള്ള പ്രധാന കാരണങ്ങളെന്നും സിംഗ് വ്യക്തമാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 2016ലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത്.

6,013 ഇന്ത്യക്കാര്‍ മരിച്ചതായാണ് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ ഇത് 5,906 ആയി കുറഞ്ഞു. പ്രവാസികളുടെ മരണവും അപകടങ്ങളും കുറയ്ക്കാന്‍ അതത് രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും വി.കെ സിങ് ലോക്‌സഭയെ അറിയിച്ചു.