‘മകളെ കണ്ടുകിട്ടി, സുരക്ഷിത; ഇനി അവളുടെ ഇഷ്ടത്തിനൊപ്പം’: നന്ദി പറഞ്ഞ് ഒമാനിലെ പുറംകടലില്‍ നിന്നു മലയാളി

single-img
14 December 2018

മൂവാറ്റുപ്പുഴ ചെറുവട്ടൂരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കാണാതായ പ്രവാസി സലീമിന്റെ മകളും എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായ പതിനെട്ടുകാരിയെ കണ്ടെത്തി. താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവാവിനോടൊത്ത് പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയോടെ കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരാവുകയായിരുന്നു.

ഇവരുടെ നിക്കാഹ് വെള്ളിയാഴ്ച കോതമംഗലം പൊലീസിന്റെ സാന്നിധ്യത്തില്‍ ഉറപ്പിക്കുമെന്ന് സലീം പറഞ്ഞു. ഇനി മകളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സലീം കൂട്ടിച്ചേര്‍ത്തു.

മസ്‌കത്തിലെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലില്‍ ജോലി ചെയ്യുന്ന സലീം മകളെ കാണാതായതിനെ തുടര്‍ന്ന് വീഡിയോ പങ്കുവെച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണം എന്നായിരുന്നു ആ പിതാവിന്റെ അഭ്യര്‍ത്ഥന.

ഇതു കണ്ട് ഒട്ടേറെ പേര്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതായും അപകടമൊന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തയായി സലീം പറഞ്ഞു. രണ്ടു മാസം കഴിഞ്ഞ് മാത്രമേ സലീം ജോലി ചെയ്യുന്ന കപ്പല്‍ തീരത്തടുക്കുകയുള്ളൂ. സലീം നേരത്തെ ദുബായിയില്‍ ആയിരുന്നു. പിന്നീട് കപ്പല്‍ ജീവനക്കാരനാവുകയായിരുന്നു.