ഒമാനില്‍ ബംഗ്ലാദേശികളെ കടത്തിവെട്ടി ഒന്നാമതായി ഇന്ത്യക്കാര്‍; കൂടുതലും മലയാളികള്‍

single-img
12 December 2018

ഒമാനില്‍ ഇന്ത്യക്കാരുടെ പ്രവാസത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാണിജ്യവ്യവസായ രംഗത്തും തൊഴില്‍ മേഖലയിലും ഇന്ത്യക്കാര്‍ സജീവമാണ്. സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയെങ്കിലും തൊഴില്‍മേഖലയിലെ വൈദഗ്ധ്യം മൂലം ഇന്ത്യക്കാര്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒമാനിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. തൊട്ടുമുന്നിലുണ്ടായിരുന്ന ബംഗ്ലദേശികളെ കടത്തിവെട്ടിയാണ് ഇന്ത്യക്കാര്‍ ഒന്നാമതെത്തിയത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ (എന്‍സിഎസ്‌ഐ) ഒക്ടോബറിലെ കണക്കനുസരിച്ച് 6,64,227 ഇന്ത്യക്കാരാണു രാജ്യത്തുള്ളത്.

ബംഗ്ലദേശികള്‍ 6,63,618. ഇന്ത്യക്കാരില്‍ 6,16,112 പുരുഷന്മാരും 48,115 വനിതകളും ഉള്‍പ്പെടുന്നു. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 6,88,226 ഇന്ത്യക്കാരും 6,92,164 ബംഗ്ലദേശികളുമാണ് ഒമാനില്‍ ഉണ്ടായിരുന്നത്.

ഗള്‍ഫിലെ കേരളമെന്നു വിശേഷിപ്പിക്കാവുന്ന ഒമാനിലെ സലാലയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെയാണ്. ദോഫാര്‍ മേഖലയില്‍ 15,000ല്‍ ഏറെ മലയാളികള്‍ ഉള്ളതായാണ് അനൗദ്യോഗിക കണക്ക്. സലാലയിലെ ഇന്ത്യന്‍ സ്‌കൂളില്‍ 4,500 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍ മലയാളികളുടെ സാന്നിധ്യം ശക്തമാണ്. വിവിധ ഓഫിസുകള്‍, പച്ചക്കറിക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നു.