പ്രവാസികള്‍ക്ക് ഇരുട്ടടിയുമായി എയര്‍ഇന്ത്യ

single-img
6 December 2018

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കംപനീഡ് മൈനര്‍) അധിക ഫീസ് ഏര്‍പ്പെടുത്തി. വണ്‍വേയ്ക്ക് 165 ദിര്‍ഹമാണ് അധികം നല്‍കേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 330 ദിര്‍ഹം വിമാന ടിക്കറ്റിന് പുറമൈ നല്‍കണം.

ഗള്‍ഫില്‍ വേനല്‍ അവധി ഉള്‍പ്പെടെയുള്ള സീസണ്‍ സമയത്ത് റോക്കറ്റുപോലെ കുതിച്ചുയരുന്ന ടിക്കറ്റു നിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടികളെ തനിച്ചയയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ നേരത്തെ ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല.

പുതുതായി ഏര്‍പ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. എയര്‍ഇന്ത്യ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ അവധി ആസൂത്രണം ചെയ്യാത്തവര്‍ക്ക് സാധാരണത്തേതിനെക്കാള്‍ അഞ്ചിരട്ടി നല്‍കിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഈ കൊള്ളയില്‍നിന്ന് രക്ഷപ്പെടാനാണ് കുട്ടികളെ തനിച്ചയക്കുന്നതെന്നും അതിനുകൂടി ദേശീയ എയര്‍ലൈന്‍ തടയിടുകയാണെന്നും പ്രവാസികള്‍ പറയുന്നു.

അതേസമയം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ ഓഫീസിലെത്തി അണ്‍ അക്കംപനീഡ് മൈനര്‍ ടിക്കറ്റിന് അധിക തുക അടയ്‌ക്കേണ്ടിവരുമെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്ര റദ്ദാക്കിയാല്‍ തുക തിരികെ ലഭിക്കില്ല. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുകയാണെങ്കില്‍ അണ്‍അക്കംപനീഡ് തുക വീണ്ടും അടയ്‌ക്കേണ്ട.

5 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അണ്‍അക്കംപനീഡ് മൈനര്‍ വിഭാഗത്തില്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്‌പോര്‍ട്ട് കോപ്പി ഉള്‍പ്പെടെ ബന്ധപ്പെട്ട എയര്‍ലൈന്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.