ഗൗതം ഗംഭീർ വിരമിച്ചു

single-img
4 December 2018

ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്.

പ്രയാസമേറിയ തീരുമാനമാണ് എടുക്കുന്നത്. ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരമാണ് അവസാനമായി കളിക്കുന്നത്. ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ തുടങ്ങിയത് അവിടെവച്ചു തന്നെ അവസാനിക്കുന്നു. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ എല്ലായ്പ്പോഴും സമയത്തിന് പ്രാധാന്യം നൽകുന്നു. ഇതാണ് ശരിയായ സമയം– ഗംഭീർ വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീർ അവസാന രാജ്യാന്തര മൽസരം കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം.

ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധനാക്കിയത്. ഐപിഎല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി.

രണ്ട് വർഷക്കാലമായി ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ സാധിക്കാതിരുന്നതോടെയാണ് വിരമിക്കൽ പ്രഖ്യാപനമെത്തിയത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്ലേയർ ഓഫ് ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കായുള്ള മൽ‌സരത്തിലായിരിക്കും ഗംഭീർ അവസാനമായി കളിക്കുക.