ടോസിടാന്‍ ഷോര്‍ട്‌സിട്ടെത്തി; വീണ്ടും വിവാദത്തില്‍ കുടുങ്ങി കോഹ്‌ലി

single-img
30 November 2018

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വീണ്ടും വിവാദത്തില്‍. നേരത്തെ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നുവെങ്കില്‍ ഇത്തവണ കളിക്കളത്തിലെ മര്യാദ മറന്നതിനാണ് കോഹ്‌ലി വിമര്‍ശനം കേള്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനിടെയായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയ സംഭവം.

കളി തുടങ്ങും മുമ്പ് ടോസ് ഇടാനായി ഷോര്‍ട്‌സ് ധരിച്ചായിരുന്നു കോഹ്ലിയെത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഇലവനെതിരെയായിരുന്നു മത്സരം. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോഴാണ് കോഹ്ലി ഷോര്‍ട്‌സ് ധരിച്ചെത്തിയത്.

ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ പദവി ഇല്ലെങ്കിലും രാജ്യത്തിനെ പ്രതിനിധീകരിച്ചാണ് ഇരുടീമുകളും കളിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നായകനില്‍ നിന്നു തന്നെ ഇതുപോലൊരു സമീപനമുണ്ടായത് മോശമായി പോയെന്നും, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് വിരാടിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ചതുര്‍ദിന സന്നാഹമത്സരത്തെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയല്ല വിരാട് കണ്ടതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

അതേസമയം കോഹ്ലിയെ അനുകൂലിച്ചും ന്യായീകരണങ്ങള്‍ നിരത്തിയും മറ്റൊരു വിഭാഗവും രംഗത്തെത്തി. സന്നാഹ മത്സരമായതിനാല്‍ അതിനത്ര ഗൗരവ്വം കൊടുക്കേണ്ടതില്ലെന്നും വസ്ത്രത്തിന് നീളം കുറഞ്ഞെന്ന് കരുതി മര്യാദ കേടാകില്ലെന്നും ഒരുകൂട്ടര്‍ പറയുന്നു.