ക്യാപ്റ്റന്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു, നുണ പറയുന്നു; ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി

single-img
24 November 2018

ട്വന്റി 20 വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി. സെമിയില്‍ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. വനിതാ ക്രിക്കറ്റിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നറിയപ്പെടുന്ന മിതാലി, ടൂര്‍ണമെന്റില്‍ രണ്ടു തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയിരുന്നു.

ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ അസുഖം കാരണമാണ് മിതാലിക്ക് ഇറങ്ങാനാകാതിരുന്നത്. നിര്‍ണായകമായ സെമി ഫൈനലില്‍, ഓസ്‌ട്രേലിയയെ തോല്‍പിച്ച ടീമിനെത്തന്നെ ഇറക്കാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കോച്ച് രമേഷ് പവാറുമടങ്ങുന്ന മാനേജ്‌മെന്റ് തീരുമാനം പാളുകയായിരുന്നു.

ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന മിതാലിയെപ്പോലൊരു താരത്തിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ്ങിനെ ഉലച്ചു. 1999ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയശേഷം ടീമിലുണ്ടായിട്ടും മിതാലി പുറത്തിരിക്കുന്നത് ഇതാദ്യമാണ്. എങ്കിലും മല്‍സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീം തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തീരുമാനമാണെന്നും അതില്‍ ഖേദമില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ മിതാലിയുടെ മാനേജര്‍ അനീഷ് ഗുപ്ത ഹര്‍മന്‍പ്രീതിനെതിരേ രംഗത്തുവന്നു. പക്വതയില്ലാത്ത ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയല്ലെന്നും കാര്യങ്ങളെ വളച്ചൊടിക്കുന്ന വ്യക്തിയാണെന്നും അനീഷ പറയുന്നു. കാര്യങ്ങളെ വളച്ചൊടിക്കുന്ന, ഇന്ത്യന്‍ ടീമിന് യോജിക്കാത്ത ക്യാപ്റ്റന്‍. ഇതായിരുന്നു അനീഷ തന്റെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഈ പരാമര്‍ശം അനീഷ നീക്കം ചെയ്തു. പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായി.

കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കറും നാസര്‍ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. ടി ട്വന്റിയില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരേ റിസര്‍വ് ബെഞ്ചിലിരുത്തിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം.