മെല്‍ബണില്‍ ആദ്യം വിക്കറ്റുമഴ; പിന്നെ പെരുമഴ; ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരം ഉപേക്ഷിച്ചു

single-img
23 November 2018

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ–ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 മല്‍സരം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 19 ഓവറില്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ രസംകൊല്ലിയായി ഗ്രൗണ്ടില്‍ മഴ പെയ്തു.

ഇടയ്ക്കു മഴമാറിയപ്പോള്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ 11 ഓവറില്‍ ഇന്ത്യയ്ക്ക് 90 റണ്‍സ് വിജയലക്ഷ്യം തീരുമാനിച്ചെങ്കിലും മഴ വീണ്ടും കനത്തതോടെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് വീതവും ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മല്‍സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇന്ത്യന്‍ വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നു മല്‍സര പരമ്പരയിലെ ആദ്യത്തേതില്‍ മഴ നിയമത്തിന്റെ ആഘാതത്തില്‍ നാലു റണ്‍സിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.