താനും ധോണിയും ഒരുമിക്കാന്‍ കാരണക്കാരന്‍ റോബിന്‍ ഉത്തപ്പ; വെളിപ്പെടുത്തലുമായി സാക്ഷി

single-img
22 November 2018

ക്രിക്കറ്റ് താരപ്രമുഖരില്‍ മുന്നില്‍ തന്നെയാണ് എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും സ്ഥാനം. 2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്. താനും ധോണിയും ഒരുമിക്കാന്‍ കാരണം ഇന്ത്യന്‍ താരമായിരുന്ന റോബിന്‍ ഉത്തപ്പയാണെന്ന് ധോണിയുടെ ഭാര്യ സാക്ഷി ധോണി വെളിപ്പെടുത്തി.

സാക്ഷിയുടെ പിറന്നാളാഘോഷത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് സാക്ഷി ആ രഹസ്യം വെളിപ്പെടുത്തിയത്. റോബിന്‍ ഉത്തപ്പക്കും ഭാര്യ ശീതളിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സാക്ഷി ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ധോണിയും ഞാനും ഒരുമിക്കാന്‍ കാരണക്കാരനായയാള്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. മഹിയും ഞാനും ഒരുമിക്കാന്‍ കാരണമായ ഈ മനുഷ്യന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതില്‍ സന്തോഷം”,

എന്നാല്‍ ധോണിയെക്കുറിച്ച് ഇറങ്ങിയ സിനിമയായ എംഎസ് ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ഉത്തപ്പയുടെ പേര് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് രസകരം. സ്‌കൂള്‍ പഠനത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് ഇരുവരും താജ് ബംഗാളില്‍വെച്ച് ആക്‌സ്മികമായി കണ്ടുമുട്ടുകയായിരുന്നുവെന്നും ധോണിയുടെ മാനേജരായ യുദ്ധജിത് ദത്തയാണ് ഇരുവരുടെയും പരിചയം പുതുക്കുന്നതെന്നുമാണ് സിനിമയില്‍ പരാമര്‍ശം. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്ന് സിനിമയില്‍ പറയുന്നു.

2007ല്‍ പാക്കിസ്ഥാനെതിരായ ഏകദിന മത്സരം കളിക്കാനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയപ്പോഴായിരുന്നൂ ഈ കൂടിക്കാഴ്ചയെന്നും സിനിമയിലുണ്ട്. എന്നാല്‍ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസറ്റില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഇരുവരുടെയും കണ്ടുമുട്ടലിന് കാരണക്കാരനായത് ഉത്തപ്പയാണ്.

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിലടക്കം പങ്കാളിയായ ഉത്തപ്പ ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ധോണിയുമായി അടുത്ത സുഹൃദ് ബന്ധം പുലര്‍ത്തുന്ന താരം കൂടിയാണ് പാതി മലയാളിയായ ഉത്തപ്പ.