500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പാക് ഹര്‍ജി ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതി തള്ളി

single-img
21 November 2018

ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി ഐ.സി.സിയെ സമീപിച്ച പാകിസ്താന് തിരിച്ചടി.

ബി.സി.സി.ഐയില്‍ നിന്ന് 70 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 500 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താന്‍ സമര്‍പ്പിച്ച ഹര്‍ജി ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതി തള്ളി.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം പാകിസ്താന്റെ പരാതി തളളുകയാണെന്ന് ഐ.സി.സി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ രണ്ടു ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. പരമ്പര നടത്താന്‍ ആദ്യം സമ്മതിച്ച ഇന്ത്യ പിന്നീട് പിന്മാറിയതു കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) കഴിഞ്ഞ വര്‍ഷമാണ് ഐ.സി.സിയെ സമീപിച്ചത്.

ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ മൂന്നു ദിവസം നടന്ന സിറ്റിങ്ങില്‍ ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ടശേഷമാണ് ഐ.സി.സിയുടെ തീരുമാനം. മൈക്കിള്‍ ബിലോഫ് നേതൃത്വം നല്‍കുന്ന ഐ.സി.സിയുടെ തര്‍ക്കപരിഹാര സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

2015-നും 2023-നും ഇടയ്ക്ക് ആറു ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിന് ഇന്ത്യയുമായി കരാറൊപ്പിട്ടതായാണ് പി.സി.ബിയുടെ വാദം. നാലു മത്സരങ്ങള്‍ക്ക് പാകിസ്താന്‍ ആതിഥേയത്വം വഹിക്കുമെന്നും കരാറിലുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ബി.സി.സി.ഐയ്ക്ക് പരമ്പര സംബന്ധിച്ച് അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍ ഇതുവരെ കരാര്‍ അനുസരിച്ച് മത്സരങ്ങള്‍ നടന്നിട്ടില്ല.

2008 മുതല്‍ ഇന്ത്യ, പാകിസ്താനുമായുള്ള പരമ്പരകള്‍ ഒഴിവാക്കുന്ന ഇന്ത്യ ഐ.സി.സിയുടെ മത്സരങ്ങളില്‍ കളിക്കാന്‍ മടി കാണിക്കുന്നില്ലെന്ന് പി.സി.ബി മുന്‍ ചെയര്‍മാന്‍ നജം സേത്തി ആരോപിച്ചിരുന്നു.