ഒരൊറ്റ ടീമും നന്നായി കളിക്കുന്നില്ല, പിന്നെ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്?; മുന്‍കൂര്‍ ജാമ്യമെടുത്ത് ശാസ്ത്രി

single-img
19 November 2018

ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരമ്പരയില്‍ മൂന്ന് ടി 20യും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. 2018ല്‍ വിദേശത്തു കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തോറ്റിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര 2-1നും ഇംഗ്ലണ്ടില്‍ നടന്ന പരമ്പര 4-1നുമാണ് ഇന്ത്യ കൈവിട്ടത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ടീമിനെതിരേ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ ന്യായീകരിച്ച് പരിശീലകന്‍ രവി ശാസ്ത്രി രംഗത്തെത്തി.

വിദേശ പര്യടനങ്ങളില്‍ എല്ലാ ടീമും മോശം പ്രകടനം നടത്തുമ്പോള്‍ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് ശാസ്ത്രി ചോദിച്ചു. വിദേശത്ത് തുടര്‍ച്ചയായ ഇന്ത്യ പരമ്പരകള്‍ തോല്‍ക്കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയെക്കെതിരെ ജയിക്കേണ്ടത് അത്യാവശ്യമാണെല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു രവി ശാസ്ത്രി ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

തെറ്റുകളില്‍ നിന്ന് പഠിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു ടീമുകളുടെ റെക്കോഡ് പരിശോധിച്ചാലും ആരുടേയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണാം. ചില സമയങ്ങളില്‍ ദക്ഷിണാഫ്രിക്ക വിദേശത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

1990കളില്‍ ഓസ്‌ട്രേലിയയും വിദേശത്ത് വിജയിച്ചിട്ടുണ്ട്. ഈ രണ്ട് ടീമുകളുമല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിദേശത്ത് മികച്ച റെക്കോഡുള്ള ഒരു ടീമിനെ കാണിക്കാമോ? എന്നിട്ടും ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ എന്തുകാര്യം? ശാസ്ത്രി ചോദിക്കുന്നു.