എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

single-img
16 November 2018

കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയെ മാറ്റിയാണ് ബിസിസിഐ രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കിയത്. അതിനുശേഷം ശാസ്ത്രിയും കോഹ്‌ലിയും തമ്മില്‍ വളരെ ഐക്യത്തിലാണ് പ്രവര്‍ത്തനം.

ഇത്, കോഹ്‌ലി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ശാസ്ത്രി ശരിവയ്ക്കുന്നതുകൊണ്ടാണ് എന്ന അഭ്യൂഹം ശക്തമാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കോഹ്‌ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘എപ്പോഴും എല്ലാറ്റിനോടും ‘യെസ്’ പറയുന്ന ഒരാളോ? ഇതാണ് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ കാര്യം’.

ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളുണ്ടോ എന്നു സംശയമാണ്. സത്യസന്ധമായി പറഞ്ഞാല്‍, എന്തു കാര്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായ അഭിപ്രായം ചോദിക്കാന്‍ എനിക്കു സ്വാതന്ത്രമുള്ള വ്യക്തിയാണ് അദ്ദേഹം. ചോദിക്കുന്ന ഒരു കാര്യം ആവശ്യമുള്ളതല്ലെങ്കില്‍, വേണ്ട എന്നുതന്നെ അദ്ദേഹം വ്യക്തമായി പറയാറുണ്ട്. എന്റെ കളിയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതും മറ്റാരേക്കാളും ശാസ്ത്രിയെന്ന പരിശീലകന്‍ പറയുന്നതു കേട്ടിട്ടാണ്’.

‘ഇന്ത്യന്‍ ടീമിനുള്ളില്‍ സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പുറത്തു പ്രചരിക്കുന്നതു പലതുമായിരിക്കും. എങ്കിലും ‘അതല്ല, ഇതാണ് ഇന്ത്യന്‍ ടീമിനുള്ളില്‍ സംഭവിക്കുന്നത്’ എന്ന് ബാനര്‍ കെട്ടി പ്രഘോഷിക്കാനൊന്നും ഞങ്ങള്‍ക്കു താല്‍പര്യമില്ല. ഞങ്ങളുടെ ഹൃദയം ശുദ്ധവും ഉദ്ദേശം വ്യക്തവുമായിരിക്കുന്നിടത്തോളം കാലം ഇതേ രീതിയില്‍ മുന്നോട്ടുപോകാനാണ് താല്‍പര്യം’ കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആര്‍ക്കെങ്കിലും മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ശരിയെന്നു തോന്നുന്നതു മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ടീമെന്ന നിലയില്‍ ഒരുമിച്ചാണ് മുന്നോട്ടു പോകുന്നതും’ – കോഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് കോഹ്‌ലി മനസ്സുതുറന്നത്.