കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല, മറന്നേക്കൂ: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി ഷാഹിദ് അഫ്രീദി

single-img
14 November 2018

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു.

കശ്മീരില്‍ ആളുകള്‍ മരിക്കുകയാണ്. ഇത് സങ്കടകരമായ കാര്യമാണ്. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല. അതുപോലെ ഇന്ത്യയ്ക്കും നല്‍കരുത്. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അനുവദിക്കുക – ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഫ്രീദി പറഞ്ഞു.

പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യാണ് കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നതിനിടേയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.

ഇതാദ്യമായല്ല കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അഫ്രീദി രംഗത്തെത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിനായി കശ്മീരില്‍ നിരപരാധികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്നു കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി സമൂഹമാധ്യമത്തില്‍ ആരോപിച്ചിരുന്നു. യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെടാത്തത് എന്താണെന്നും താരം അന്നു ചോദിച്ചിരുന്നു.