അവസാന പന്തിലെ ഇന്ത്യയുടെ നാടകീയ ജയത്തില്‍ രോഹിത്തിനെ തേടിയെത്തിയത് അപൂര്‍വ റെക്കോര്‍ഡ്

single-img
12 November 2018

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആവേശ ജയം. ഈ ജയത്തോടെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര 3-0ത്തിന് തൂത്തുവാരി. ഇതോടെ മൂന്നു മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ എല്ലാ മത്സരവും വിജയിച്ച് രണ്ടു തവണ പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ നായകനായി മാറാന്‍ രോഹിത്തിനു കഴിഞ്ഞു. താല്‍ക്കാലികമായി മാത്രം ടീമിനെ നയിച്ചാണ് അപൂര്‍വ്വ നേട്ടത്തിനരികില്‍ രോഹിത് എത്തിയതെന്നതും ശ്രധേയമാണ്.

ടി 20യില്‍ ഇതു വരെ രണ്ടു നായകന്മാര്‍ക്കു മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യയുടെ ഹിറ്റ് മാന്‍ എത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ നായകന്‍ സര്‍ഫാറാസ് അഹമ്മദും, അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനും മാത്രമാണ് ഇതുവരെ രണ്ടു തവണ ടി20 പരമ്പര 3-0ത്തിനു സ്വന്തമാക്കിയിട്ടുള്ളത്. ഇതിനു മുന്‍പ് 2017ല്‍ ശ്രീലങ്കക്കെതിരെയാണ് രോഹിതിന്റെ നായകത്വത്തില്‍ ഇന്ത്യ 3-0ത്തിനു പരമ്പര തൂത്തു വാരിയത്.

182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (4), കെ.എല്‍. രാഹുല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കീമോ പോള്‍, ഒഷാനെ തോമസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് ധവാനും പന്തും ആതിഥേയരെ മുന്നോട്ട് നയിച്ചു. ശിഖര്‍ ധവാന്‍ (58 പന്തില്‍ പുറത്താവാതെ 89) ഋഷഭ് പന്ത് (38 പന്തില്‍ 58). ഇരുവരും ആദ്യമായിട്ടാണ് ട്വന്റി 20 പരമ്പരയില്‍ ഫോമാവുന്നത്. രണ്ട് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്്‌സ്. പന്തിന്റേതാവട്ടെ കരിയറിലെ ആദ്യ ട്വന്റി 20 അര്‍ധ സെഞ്ചുറിയായിരുന്നു.

അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ വിജയത്തിന് തൊട്ട് മുന്‍പ് പന്തും ധവാനും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. മനീഷ് പാണ്ഡെ (4), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിനായി കീമോ പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52)എന്നിവരുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോറാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹില്‍ രണ്ട് വിക്കറ്റെടുത്തു. ഷായ് ഹോപ്പും (22 പന്തില്‍ 24), ഷിംറോണ്‍ ഹെറ്റ്മ്യറും (21 പന്തില്‍ 26) മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സെടുത്തു.

എന്നാല്‍ ഹോപ്പിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലൊതുങ്ങി. പിന്നാലെ എത്തിയ ബ്രാവോ, ഹെറ്റ്മ്യറുമായി കൂട്ടുക്കെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത ഓവറില്‍ ഹെറ്റ്മ്യറെ മടക്കി അയച്ച് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

15 റണ്‍സെടുത്ത ദിനേശ് രാംദിനെ സുന്ദര്‍ മടക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബ്രാവോ പൂരന്‍ സഖ്യം വിന്‍ഡീസിനെ ഭേദപ്പട്ടെ സ്‌കോറിലെത്തിച്ചു. ഇരുവരും 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.