സൗദിയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചതായി റിപ്പോര്‍ട്ട്

single-img
12 November 2018

സ്വകാര്യ സ്ഥാപനങ്ങള്‍ക്കു തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ലഘൂകരിച്ചതായി റിപ്പോര്‍ട്ട്. വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തൊഴിലവസരങ്ങളെ കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്‌വേ (താഖാത്ത്) പോര്‍ട്ടലില്‍ നിശ്ചിതകാലം പരസ്യം ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. ഇനി മുതല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നേരിട്ട് വിസ അപേക്ഷ സമര്‍പ്പിക്കാം. പരസ്യപ്പെടുത്തിയിട്ടും യോഗ്യരായ സൗദികള്‍ മുന്നോട്ടു വരാത്തതിനാലാണു പുതിയ തീരുമാനം.

അതേസമയം സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ്. സ്വകാര്യ സ്ഥാപനങ്ങള്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ചേംബേഴ്‌സ് വ്യക്തമാക്കി.

രാജ്യത്തെ ചെറുകിട സംരംഭകരും സ്വകാര്യ സ്ഥാപനങ്ങളും ചെലവു ചുരുക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് സൗദി ചേംബേഴ്‌സിന് കീഴിലെ ലേബര്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ശത്രി പറഞ്ഞു. തൊഴിലാളികളുടെ എണ്ണം കുറക്കുകയും ഇവരെ കാര്യക്ഷമമായി വിന്യസിച്ചുമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ മേഖലയിലെ കരാര്‍ കമ്പനികളെ സാമ്പത്തിക മാന്ദ്യം ബാധിച്ചത് വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കി. വിദേശികള്‍ രാജ്യം വിട്ടതോടെ സ്വദേശിവല്‍ക്കരണം ഉയര്‍ന്നിട്ടുണ്ട്. രാജ്യം വിട്ട വിദേശികളുടെ എണ്ണത്തിന് തുല്യമായ സ്വദേശികള്‍ക്ക് തൊഴില്‍ വിപണിയില്‍ നിയമനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശികള്‍ ചെയ്തിരുന്ന എല്ലാ ജോലികളും സ്വീകരിക്കാന്‍ സ്വദേശികള്‍ സന്നദ്ധമല്ല. ഇത് ചുരുക്കം ചില മേഖലകളിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കി. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന സ്വദേശികള്‍ക്കും ഇതുവഴി തൊഴില്‍ നഷ്ടം സംഭവിച്ചതായും എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ശത്രി പറഞ്ഞു.

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 9 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 5.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.