ഒരൊറ്റ പന്തു പോലും നേരിട്ടില്ല; ബാറ്റിങ്ങിനിറങ്ങും മുമ്പേ ഇന്ത്യക്ക് ലഭിച്ചത് പത്ത് റണ്‍സ്: നാണം കെട്ട് പാക്കിസ്ഥാന്‍

single-img
12 November 2018

ട്വന്റി 20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് ബാറ്റിങ്ങിനിറങ്ങും മുമ്പേ ഇന്ത്യക്ക് പത്ത് റണ്‍സ് ലഭിച്ചത്. ഒരു ബോള്‍ പോലും എറിയുന്നതിനു മുന്‍പേ ഒരൊറ്റ പന്ത് നേരിടുന്നതിനു മുന്‍പേ തന്നെയാണ് ഇന്ത്യയ്ക്ക് ഈ പത്ത് റണ്‍സ് ലഭിച്ചത്. പിച്ചിലൂടെ പാക് ബാറ്റ്‌സ്മാന്‍മാര്‍ ഓടിയതിനു ലഭിച്ച ശിക്ഷയാണ് ഈ പത്തുറണ്‍സ്.

ഐസിസിയുടെ 41.14.3 നിയമപ്രകാരം മുന്നറിയിപ്പ് നല്‍കിയ ശേഷവും ബാറ്റ് ചെയ്യുന്ന ടീമില്‍ നിന്ന് പിച്ചിന് കേടുപാടുണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ അഞ്ച് പെനാല്‍റ്റി റണ്‍സാണ് പിഴയായി വിധിച്ചിരിക്കുന്നത്. ഒപ്പം ഓടിയെടുത്ത ആ റണ്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.

പാക് ഇന്നിങ്ങ്‌സിലെ 13ാം ഓവറിലായിരുന്നു കളിക്കാര്‍ നിയമം തെറ്റിച്ചത്. 18ാം ഓവറിലും ഇന്നിങ്‌സിലെ അവസാന പന്തിലും ഇത് ആവര്‍ത്തിച്ചതോടെ അമ്പയര്‍ പെനാല്‍റ്റിയായി ഇന്ത്യന്‍ ടീമിന് ആകെ 10 റണ്‍സ് അനുവദിച്ചു. ബിസ്മ മറൂഫും നിദാ ദറുമാണ് ആദ്യം പിഴവ് വരുത്തിയത്.

ഇതിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിച്ചു. പാക് ഇന്നിങിസിലെ അവസാന പന്തിലും നാഹിദ ഖാനും സിദ്‌റ നവാസും റണ്‍സ് എടുക്കുന്നതിന് പിച്ചിലൂടെ ഓടിയതിന് അഞ്ച്‌റണ്‍സ് കൂടി പെനാല്‍റ്റിയായി അനുവദിക്കുകയായിരുന്നു. അതിനൊപ്പം തന്നെ പാക്കിസ്ഥാന്‍ സ്‌കോറില്‍ നിന്ന് രണ്ട് റണ്‍സ് വെട്ടിക്കുറച്ചു വിജയലക്ഷ്യം 133 ആയി പുനര്‍നിശ്ചയിക്കുകയും ചെയ്തു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനും അബന്ധം പിണഞ്ഞുവെങ്കിലും പിന്നീട് ശ്രദ്ധയോടെ കളിച്ചതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് ആദ്യമായല്ല പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇത്തരത്തില്‍ പിഴ ലഭിക്കുന്നത്. ശ്രീലങ്കന്‍ പരമ്പരയിലും ഇത്തരത്തില്‍ അബദ്ധം സംഭവിച്ചിരുന്നു.

മത്സരത്തില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനെ കെട്ടുകെട്ടിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറിക്കടക്കുകയും ചെയ്തു. അര്‍ധ സെഞ്ചുറി നേടിയ മിതാലി രാജിന്റെ കരുത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്.

ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 47 പന്തില്‍ 56 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. സ്മൃതി മന്ദാന 28 പന്തില്‍ 26 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ബിസ്മ മറൂഫ്, നിദാ ദര്‍ എന്നിവരുടെ കരുത്തിലാണ് പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.