മൂന്നാം ടി ട്വന്റിയില്‍ നിന്ന് ജസ്പ്രീത് ബുംറയും ഉമേഷ് യാദവും കുല്‍ദീപ് യാദവും പുറത്ത്

single-img
9 November 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ബൗളര്‍മാരായ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി. വിശ്രമത്തിന്റെ ഭാഗമായാണ് മൂവരെയും ഒഴിവാക്കിയത്. പേസര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ചെന്നൈയിലാണ് പരമ്പരയിലെ അവസാന ട്വന്റി20 നടക്കുക.

ആദ്യ രണ്ട് ടിട്വന്റിയും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനം കൂടി കണക്കിലെടുത്താണ് മൂന്ന് ബൗളര്‍മാര്‍ക്കും വിശ്രമം അനുവദിച്ചത്. മീഡിയം പേസ് ബൗളറായ കൗള്‍ ഇന്ത്യക്കായി രണ്ട് ടിട്വന്റിയും മൂന്ന് ഏകദിനവും കളിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ഷഹബാദ് നദീം, സിദ്ധാര്‍ഥ് കൗള്‍.