നാളെ മുതല്‍ സൗദിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

single-img
8 November 2018

ചെറുകിട മേഖലകളിലടക്കം പ്രഖ്യാപിച്ച പന്ത്രണ്ടു മേഖലകളിലെ സൗദി വല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ തുടക്കമാകും. ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്. എഴുപത് ശതമാനം സ്വദേശികള്‍ കടകളിലുണ്ടാകണമെന്നതാണ് വ്യവസ്ഥ.

ആദ്യഘട്ട പ്രഖ്യാപനത്തില്‍ നൂറു ശതമാനമാണ് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നതെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ച് എഴുപത് ശതമാനമാക്കി കുറക്കുകയായിരുന്നു. ഇത് പ്രകാരം നിലവില്‍ വരാനിരിക്കുന്നതും നേരത്തെ പ്രഖ്യാപിച്ചതുമായ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനം സൗദികളും മുപ്പത് ശതമാനം വിദേശി തൊഴിലാകളുമായിരിക്കും ഉണ്ടാകേണ്ടത്.

സെപ്തംബറില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹന വില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു. 2016ല്‍ മൊബൈല്‍ ഷോപുകള്‍ സ്വദേശിവത്കരിച്ചപ്പോള്‍ പല വിദേശികളും ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്. മറ്റന്നാള്‍ മുതല്‍ തന്നെ പരിശോധനയും സജീവമാകും. ഇതിനാല്‍ ഇവര്‍ പിടിച്ചു നില്‍ക്കാനുള്ള പുതിയ മാര്‍ഗം തേടുകയാണ്.

അതിനിടെ, മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നു കണക്കാക്കി നിരവധി വിദേശികള്‍ കടകള്‍ കാലിയാക്കുകയാണ്. വിവിധ നഗരങ്ങളില്‍ മലയാളികളടക്കമുള്ള വിദേശികള്‍ കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കല്‍ നടത്തുകയാണ്. നൂറു ശതമാനത്തില്‍ നിന്നും എഴുപത് ശതമാനമാക്കി കുറച്ചിട്ടും ഇത്രയും സൗദികളെ വെച്ച് സ്ഥാപനം നടത്തി കൊണ്ട് പോകാന്‍ കഴിയില്ലെന്നതിനാലാണ് കടകള്‍ ഒഴിവാക്കി ജോലി ഉപേക്ഷിക്കുന്നത്.

അതേസമയം, മൂന്നാം ഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്ലേറ്റ്പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരി ഏഴു മുതലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.