പ്രവാസി മലയാളിയെ തേടി വമ്പന്‍ ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പത്തനംതിട്ട സ്വദേശിക്ക് ലഭിച്ചത് 20 കോടി രൂപ

single-img
4 November 2018

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി രൂപയുടെ ഭാഗ്യസമ്മാനം മലയാളിക്ക്. റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാനുമായ ബ്രിറ്റി മാര്‍ക്കോസിനാണ് ഒരു കോടി ദിര്‍ഹം (ഏകദേശം 19.85 കോടി രൂപ)സമ്മാനമായി ലഭിച്ചത്.

അഞ്ചാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (ടിക്കറ്റ് നമ്പര്‍ 208011) ഭാഗ്യം കൈവന്നത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു. കമ്പനിയിലെ പ്രോജക്ട് തീരാന്‍ നാലു മാസം ബാക്കിയുണ്ട്. അതിനു ശേഷമേ സമ്മാനത്തുകയുടെ വിനിയോഗം സംബന്ധിച്ചു ചിന്തിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ബ്രിറ്റി പറഞ്ഞു. ബിഗ് ടിക്കറ്റില്‍നിന്ന് സമ്മാനമടിച്ചുവെന്ന വിളി വന്നപ്പോള്‍ സന്തോഷം കൊണ്ട് ഒരുനിമിഷം സംസാരിക്കാനായില്ല.

യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍ വിവരം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവച്ചു. വാരാന്ത്യ അവധി ദിനമായതിനാല്‍ കമ്പനിയിലെ പകുതിപേരും ഇല്ല. എല്ലാവരും എത്തിയ ശേഷം മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവയ്ക്കും.