സൗദിയില്‍ രണ്ടായിരത്തിലധികം പ്രവാസികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

single-img
31 October 2018

ഈ വര്‍ഷം സൗദി അറേബ്യയില്‍ രണ്ടായിരത്തിലധികം വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്തിരുന്ന വിദേശികളെയാണ് പിരിച്ചുവിട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ജനറല്‍ ഫിസിഷ്യന്‍, ദന്തിസ്റ്റ്, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സേവനം അനുഷ്ടിച്ചിരുന്ന 1,814 വിദേശികള്‍ക്ക് ജോലി നഷ്ടമായി.

വിദ്യാഭ്യാസമേഖലയില്‍ 336 അധ്യാപകള്‍ ഉള്‍പ്പെടെ 355 ജീവനക്കാരെ പിരിച്ചുവിട്ടു. പൊതുവിഭാഗങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന 52 ജീവനക്കാര്‍ക്കും ജോലി നഷ്ടമായി. സൗദിയിലെ സര്‍ക്കാര്‍ സര്‍വീസിലുളളവരില്‍ ഏറ്റവും കൂടുതല്‍ വിദേശികളുളളത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്. ഈ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിനുളള വിവിധ പദ്ധതികള്‍ തൊഴില്‍ മന്ത്രാലയവും മനുഷ്യ വിഭവ ശേഷി വികസന നിധിയും നടപ്പിലാക്കുന്നുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ പരമാവധി സ്വദേശികളെ നിയമിക്കുക എന്നതാണ് സിവില്‍ സര്‍വീസ് മന്ത്രാലയത്തിന്റെ നയം. സ്വദേശികളെ ലഭ്യമായ തസ്തികകളില്‍ വിദേശികളെ നിയമിക്കരുതെന്ന് മന്ത്രിസഭയുടെ നിര്‍ദേശവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ കരാര്‍ കഴിഞ്ഞ 2,221 വിദേശികളുടെ കരാര്‍ പുതുക്കാതെ പിരിച്ചുവിടുകയായിരുന്നു.