മകളുടെ മരണത്തില്‍ നീതിക്കായുള്ള പോരാട്ടത്തിനിടെ അബൂട്ടി യാത്രയായി; അന്ത്യം മസ്‌കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്

single-img
29 October 2018

രണ്ടു വര്‍ഷം മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ.എ അബൂട്ടിയാണ് (52) മരിച്ചത്. മസ്‌കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

മസ്‌കത്തില്‍ വീസ പുതുക്കാന്‍ വേണ്ടി രണ്ടാഴ്ച മുമ്പായിരുന്നു പോയത്. അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കെയാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല.

2016 ജൂലൈ 18 നായിരുന്നു ഷംനയുടെ മരണം. പനിക്ക് കുത്തിവയ്പ് എടുത്ത ഉടനെ ശ്വാസം നിലച്ചു മരണത്തിനു കീഴടങ്ങിയ ഷംനയെ തുടര്‍ ചികിത്സക്കായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ബില്‍ ചാര്‍ജ് ചെയ്തതു നിയമസഭയില്‍ വരെ ചര്‍ച്ചയായിരുന്നു. വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ല.

ഡോക്ടര്‍മാരുടെ അനാസ്ഥയാണു ഷംനയുടെ മരണത്തിനു കാരണമായതെന്നു കണ്ടെത്തിയെങ്കിലും മാതൃകാപരമായി കുറ്റക്കാരെ ശിക്ഷിക്കാനോ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനോ തയാറായിരുന്നില്ല. ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു. എന്നാല്‍ ഈ നിയമപോരാട്ടം നടക്കവേയാണ് അബൂട്ടിയുടെ മരണം.