സൗദിയില്‍ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
28 October 2018

സൗദി അറേബ്യയിലെ ചില പ്രവിശ്യകളില്‍ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റിയാദ്, ദമാം, ജിദ്ദ, അസീര്‍ തുടങ്ങിയ പ്രവിശ്യകളില്‍ ഇന്ന് അര്‍ധരാത്രിയോടെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1997 ല്‍ സൗദിയില്‍ കനത്ത മഴയും പ്രളയവുമാണ് ഉണ്ടായത്. ഇതിന് സമാനമായ മഴ പെയ്യാനാണ് സാധ്യത.

അടുത്ത ആഴ്ച കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ സ്വാലിഹ് ബിന്‍ റാശിദ് അല്‍മാജിദും പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉപമേധാവി ഡോ. അയ്മന്‍ ഗുലാമും സ്ഥിരീകരിച്ചിട്ടുണ്ട്. മക്ക, മദീന, ഹായില്‍, അല്‍ഖസീം, എന്നിവിടങ്ങള്‍ക്ക് പുറമെ റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്നും ഡോ. അയ്മന്‍ ഗുലാം പറഞ്ഞു.

മഴക്കെടുതികള്‍ നേരിടാന്‍ രാജ്യത്തെ 13 പ്രവിശ്യകളിലും സിവില്‍ ഡിഫന്‍സും ആരോഗ്യ വകുപ്പും സേനാ വിഭാഗങ്ങളും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയിലേറെയായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ പ്രധാന ഡാമുകളിലും പതിവില്‍ കൂടുതല്‍ ജലം സംഭരിച്ചിട്ടുണ്ട്. ഇതിനിടെയാണ് അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.