സൗദിയില്‍ ശക്തമായ മഴയില്‍ നാല് മരണം: മഞ്ഞുകട്ടകള്‍ നിറഞ്ഞ് റോഡുകള്‍ നിശ്ചലമായി

single-img
27 October 2018

സൗദിയില്‍ ശക്തമായ മഴ മൂലം രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ചു. മലവെള്ളപ്പാച്ചിലും മഞ്ഞുവീഴ്ചയും മൂലം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായി. വടക്കന്‍ താഇഫിലെ 300 ചതുരശ്ര മീറ്ററോളം പ്രദേശത്താണ് വലിയ ഐസ് കട്ടകള്‍ കൊണ്ട് റോഡുകള്‍ മൂടിയത്.

ബുധനാഴ്ച താഇഫിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. വലിയ മഞ്ഞുകട്ടകള്‍ റോഡുകളില്‍ നിന്ന് നീക്കാന്‍ 55 വാഹനങ്ങളെയും ജീവനക്കാരെയുമാണ് സൗദി സിവില്‍ ഡിഫന്‍സ് ഈ പ്രദേശങ്ങളില്‍ നിയോഗിച്ചത്.

പുറത്തിറങ്ങാനാവാതെ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. വലിയ ഐസ് കട്ടകള്‍ക്ക് ഇടയില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ക്കും ചലിക്കാനായില്ല. ഏതാനും ദിവസങ്ങളായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

തബൂക്ക്, അല്‍ബഹ, ഹയില്‍, തായിഫ്, മക്ക എന്നിവിടങ്ങളിലാണ് ഇടിയോടുകൂടിയ മഴ. അല്‍ ബഹക്കടുത്തു അല്‍ ഹജ്‌റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലന്‍, ഹായിലില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരെ അല്‍ ഷംലി പ്രദേശത്തുള്ള സൗദി യുവാവ്, തബൂക്ക് അല്‍ ബദാഈല്‍ പ്രദേശത്തുള്ള മറ്റൊരാള്‍ എന്നിവര്‍ ഒഴുക്കില്‍ പെട്ടാണ് മരിച്ചത്.

ഇടിമിന്നലേറ്റ് മക്കയിലെ അല്‍ റാഷിദിയ ഡിസ്ട്രിക്റ്റില്‍ ഒരു സ്വദേശി യുവതിയും മരിച്ചു. തബൂക്കിലെ മരുഭൂമിയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒട്ടകങ്ങള്‍ ഒലിച്ചുപോയി. പല പ്രവിശ്യകളിലും വരും ദിവസങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

https://www.instagram.com/p/BpU61HrnAJ5/?utm_source=ig_embed